Site icon Fourteen Kerala – 14 Kerala News

സാമൂഹിക ചുറ്റുപാടുകളോട് കലഹിച്ച് ഇറച്ചിവെട്ട് ഉപജീവനമാക്കിയ റുഖിയ ഇനി ഓർമ

വയനാട്ടിലെ ചുണ്ടേൽ ചന്തയിൽ ഇറച്ചിവെട്ടി ഉപജീവനം കഴിച്ച റുഖിയ താത്ത ഇനി ഓർമ. പുരുഷാധിപത്യമുള്ള തൊഴിൽമേഖലയിൽ, സാമൂഹിക ചുറ്റുപാടുകളെ അതിജീവിച്ചാണ് അവർ കേരളത്തിലെ ആദ്യ വനിതാ ഇറച്ചിവെട്ടുകാരിയായത്. 30 വർഷത്തോളം ചുണ്ടേൽ ചന്തയിൽ ജോലി ചെയ്തു. 66 വയസ്സായിരുന്നു.

2022-ലെ വനിതാ ദിനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കില) ആദരിച്ച 13 വനിതകളിൽ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴിൽ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരം.
1989-ലാണ് റുഖിയ ചുണ്ടേലിൽ ‘ഓക്കെ ബീഫ് സ്റ്റാൾ’ തുടങ്ങിയത്. അന്ന് റുഖിയയ്ക്ക് പ്രായം 23. പത്ത് വയസുള്ളപ്പോൾ പിതാവ് ഖാദറിനെ നഷ്‌ടപ്പെട്ടതോടെ കുടുംബം പുലർത്താൻ റുഖിയ എസ്റ്റേറ്റിൽ ജോലിക്കുപോയി. ഖാദറിന്റേയും പാത്തുമ്മയുടേയും ഒമ്പത് മക്കളിൽ അഞ്ചാമത്തെയാളായിരുന്നു റുഖിയ. എസ്റ്റേറ്റിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന കൂലി ഒന്നിനും തികയാതെ വന്നതോടെയാണ് ബീഫ് സ്റ്റാൾ തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചത്.

എന്നാൽ, ഒരു സ്ത്രീ ഇങ്ങനെയൊരു കച്ചവടം തുടങ്ങുന്നതിൽ വലിയ എതിർപ്പുകൾ വന്നു. ബന്ധുക്കളും നാട്ടുകാരും റുഖിയയെ എതിർത്തു. ഇത് പുരുഷൻമാരുടെ ജോലിയാണെന്നും സ്ത്രീകൾക്ക് ചേർന്നത് അല്ലെന്നുമായിരുന്നു അവരുടെ പക്ഷം. എന്നാൽ ഇതെല്ലാം മറികടന്ന് അവർ തന്റെ സ്വ‌പ്നം സാക്ഷാത്കരിച്ചു. ഈ കച്ചവടത്തിലൂടെ നാല് ഏക്കർ കാപ്പിത്തോട്ടവും വാങ്ങിയ റുഖിയ ഒരു വീടും നിർമിച്ചു. ഒപ്പം തൻ്റെ ആറ് സഹോദരിമാരുടെ വിവാഹവും നടത്തി.എന്നാൽ, ഒരിക്കലും വിവാഹിതയാകാൻ റുഖിയ ആഗ്രഹിച്ചില്ല. പുരുഷൻമാരെ തനിക്ക് ഇഷ്ടമാണെങ്കിലും വിവാഹം വേണ്ടെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽപോയി അടുക്കള ജോലികൾ ചെയ്യുന്നത് തനിക്ക് സങ്കൽപിക്കാൻ പോലുമാകില്ലെന്നായിരുന്നു അവരുടെ നിലപാട്.

Exit mobile version