Site icon Fourteen Kerala – 14 Kerala News

പെരുമഴയിലും തീരമേഖലയിൽ കുടിവെള്ളം കിട്ടാക്കനി

വടകര : ശക്തമായ മഴ പെയ്യുമ്പോഴും കുരിയാടി തീരമേഖലയിൽ കുടിവെള്ളം ലഭിക്കുന്നില്ല. കടലേറ്റത്തെത്തുടർന്ന് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതുകാരണം ഒരാഴ്ചയോളമായി പ്രദേശത്ത് വെള്ളം മുടങ്ങിയിട്ട്. 50-ലധികം വീട്ടുകാർ മഴയിലും കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

കുരിയാടി ഫിഷ് ലാൻഡിങ് സെന്ററിന് സമീപത്തെ പൈപ്പാണ് ശക്തമായ തിരയിൽ കല്ലുവീണുപൊട്ടിയത്. ഇവിടെ റോഡ് പൂർണമായും കടലെടുത്ത സ്ഥിതിയാണ്. വൈദ്യുതത്തൂൺ കടലെടുത്തതിനെത്തുടർന്ന് പുതിയത് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് അരികെവരെയുള്ള ഭാഗവും കടലെടുത്ത നിലയിലാണ്. കടൽഭിത്തി ഇല്ലാത്ത ഭാഗത്താണ് കടലേറ്റം രൂക്ഷമായത്.
തീരദേശമായതുകൊണ്ട് ഈ ഭാഗങ്ങളിൽ കിണർ കുറവാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ വെള്ളം നിലച്ചതോടെ പലരും ബുദ്ധിമുട്ടിലായി. ബക്കറ്റുകളിലും വലിയ ബാരലുകളിലും വാഹനങ്ങളിൽ പോയി സമീപപ്രദേശങ്ങളിൽ നിന്നും വെള്ളം കൊണ്ടുവരുന്ന സ്ഥിതിയാണ്. ഇത്തരത്തിൽ വെള്ളംകൊണ്ടുവരാൻ സാധിക്കാത്ത വീട്ടുകാർ പണം കൊടുത്ത് വാങ്ങുകയാണ്.

ശൗചാലയത്തിൽ മഴവെള്ളം ഉപയോഗിക്കാമെങ്കിലും പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ശുദ്ധജലം കിട്ടാതെ എന്ത് ചെയ്യും എന്നാണ് ഇവിടുത്തുകാരുടെ ചോദ്യം. വേനൽക്കാലത്ത് മിക്ക സമയങ്ങളിലും ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങാറുണ്ട്. ലഭിക്കുമ്പോഴാകട്ടെ അത് ഉപ്പുവെള്ളവും ആകും.മഴക്കാലത്ത് ഏതാനും ദിവസങ്ങൾ മാത്രമേ ഇവർക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പൈപ്പ് പൊട്ടിയതോടെ അതുംനിലച്ചു. ട്രോളിങ്‌ നിരോധനത്തോടൊപ്പം കുടിവെള്ളക്ഷാമംകൂടി ആയതോടെ ആകെ പ്രയാസത്തിലാണെന്ന് വീട്ടുകാർ പറഞ്ഞു.

Exit mobile version