Site icon Fourteen Kerala – 14 Kerala News

കൊൽക്കത്ത കൂട്ടബലാത്സംഗം: കോളജിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

കൊൽക്കത്ത : ഒന്നാം വർഷ നിയമവിദ്യാർഥിയെ കോളേജിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ക്യാംപസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റു ചെയ്തു. പിനാകി ബാനർജി (55) ആണ് അറസ്റ്റിലായത്. സംഭവത്തിൽ നാലാമത്തെ അറസ്റ്റാണിത്.

അഭിഭാഷകനും പൂർവ വിദ്യാർഥിയുമായ മനോജിത് മിശ്ര, വിദ്യാർഥികളായ പ്രമിത് മുഖർജി, സയിബ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കോളേജിലെ ഗാർഡ് റൂമിലാണ് പീഡനം നടന്നത്. മനോജിത് മിശ്ര കോളജിലെ താൽക്കാലിക ജീവനക്കാരനായും ജോലി ചെയ്യുന്നുണ്ടായിരുന്നു. മനോജിത് മിശ്ര പെൺകുട്ടിയോട് വിവാഹ അഭ്യർഥന നടത്തി. പെൺകുട്ടി അത് നിരസിച്ചതിനെ തുടർന്നാണ് പീഡനം നടന്നത്. ഹോക്കി സ്റ്റിക്ക് കൊണ്ട് മർദ്ദിച്ചെന്നും പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

സംഭവത്തെ തുടർന്ന് കൊൽക്കത്തയിൽ വൻ വിദ്യാർഥി പ്രക്ഷോഭം നടന്നു. ആർ.ജി കർ മെഡിക്കൽ കോളജിൽ പിജി വിദ്യാർഥി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട് 10 മാസം കഴിയുമ്പോഴാണ് നടുക്കുന്ന സംഭവം. ഇതോടെ, രാഷ്ട്രീയ വിവാദങ്ങളും ആരംഭിച്ചു. മനോജിത് മിശ്രയ്ക്ക് തൃണമൂൽ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. മമത സർക്കാർ പ്രതികളോടൊപ്പമാണെന്ന് തെളിഞ്ഞതായും ബിജെപി നേതാക്കൾ പറഞ്ഞു.

Exit mobile version