Site icon Fourteen Kerala – 14 Kerala News

ശക്തമായ മഴയും കാറ്റും: ഇടുക്കിയിൽ കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസ്സുകാരന് പരിക്ക്

ഇടുക്കി: ശക്തമായ മഴയിലും കാറ്റിലും കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസ്സുകാരന് പരുക്കേറ്റു. ചെമ്മണ്ണാർ ആറ്റിങ്കൽപ്ലാക്കൽ സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് (3 വയസ്) പരുക്കേറ്റത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ക്രിസ്റ്റിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം. കിടപ്പുമുറിക്ക് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റിന്റെ പാളി പതിച്ചാണ് ക്രിസ്റ്റിക്ക് പരുക്കേറ്റത്. അപകടസമയത്ത് സനീഷും ഭാര്യയും മകനുമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. അമിതമായി രക്തസ്രാവം ഉണ്ടായതോടുകൂടി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തെക്കൻ മഹാരാഷ്ട്രയ്‌ക്ക്‌ മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‌ മുകളിലും ചക്രവാതചുഴിയുണ്ട്‌. ഇതാണ് കേരളത്തില് ശക്തമായ കാറ്റ് തുടരാൻ കാരണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കൾ രാത്രി 8.30വരെ കേരളതീരത്ത്‌ മൂന്നുമുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് 19-ാം തീയതി വരെ മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പ് ഉണ്ട്.

Exit mobile version