Site icon Fourteen Kerala – 14 Kerala News

ബിജെപി നേതാവിന്റെ കൊലപാതകം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികൾ എത്തിയത് ആറ് ബൈക്കുകളിലായാണ്. 12 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.

പതിനൊന്ന് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികൾ എത്തിയത് ആംബുലൻസിലാണെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളക്കിണറിൽ നിന്ന് ആംബുലൻസ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ യുടെ ചാരിറ്റി പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ് ആംബുലൻസെന്നും പൊലീസ് പറഞ്ഞു. ചില ആയുധങ്ങളും ആബുംലൻസിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, പ്രതികളുടെ അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു.

എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു.

വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.

Exit mobile version