വയനാട് കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി. കടുവ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലണ്. ഉടൻ മയക്കുവെടിവച്ച് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.
കഴിഞ്ഞ 20 ദിവസമായി കടുവാ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറു സംഘങ്ങളായാണ് പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുന്നത്. വനത്തിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെ പയ്യംപള്ളി പുതിയിടത്താണ് കടുവയെ ഇന്നലെ കണ്ടത്. കടുവയുടെ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. നാട്ടുകാരിൽ ചിലർ കടുവയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. കടുവ കൂടുതൽ ജനവാസ മേഖലയിലേക്ക് എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ഇന്ന് രാത്രിയോടെ തന്നെ കടുവയെ മയക്കുവെടി വച്ച് വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ജനം.
വനംവകുപ്പിന്റെ തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു. നഗരസഭ കൗൺസിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി. തർക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ അരയിൽ നിന്ന് കത്തി പുറത്തെടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥലത്തെത്തിയ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു വനംവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
