Site icon Fourteen Kerala – 14 Kerala News

ചുട്ടുപൊള്ളുന്ന ചൂടിനിടെ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചെന്നൈ: ചുട്ടുപൊള്ളുന്ന ചൂടിനിടെ തമിഴ്നാട്ടിലെ ചില ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ നാല് ദിവസം മഴ പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലും ഭൂമധ്യരേഖയോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഉയർന്ന തലത്തിലുള്ള അന്തരീക്ഷ ചംക്രമണം നിലനിൽക്കുന്നു.അതുകൊണ്ട് തീരദേശ ജില്ലകളിലും ഉൾപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ ചില സ്ഥലങ്ങളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.
അതേസമയം വിരുദുനഗർ, ശിവഗംഗ, മയിലാടുതുറൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ടൈ, രാമനാഥപുരം ജില്ലകളിലും കാരക്കലിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നും മാർച്ച് 12, 13 തിയ്യതികളിലും തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version