Site icon Fourteen Kerala – 14 Kerala News

മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

കോയമ്പത്തൂർ: മരണവീട്ടിൽ ഉപയോഗിച്ച ജനറേറ്ററിന് തീപിടിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു. മൂന്നുപേർ പൊള്ളലേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്.കോയമ്പത്തൂർ നഗരത്തിലെ ഗണപതി ജെ.ആർ.ജി. നഗറിൽ മുരുക സുബ്രഹ്മണ്യത്തിന്റെ ഭാര്യ പത്മാവതി (55) ആണ് മരിച്ചത്. ബന്ധുക്കളായ ഭാനുമതി, ശ്രീരാം, രാജേശ്വരൻ എന്നിവർക്കാണ് പൊള്ളലേറ്റത്.

മുരുകസുബ്രഹ്മണ്യത്തിന്റെ അമ്മ രാമലക്ഷ്മി (85) വ്യാഴാഴ്ച വൈകീട്ട് മരിച്ചിരുന്നു. മൃതദേഹം ഫ്രീസറിൽ വെച്ചിരിക്കയായിരുന്നു. വെള്ളിയാഴ്ചരാവിലെ വൈദ്യുതി പോയതോടെ ജനറേറ്റർ കൊണ്ടുവന്നു.
ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് പെട്രോൾ ഒഴിക്കുന്നതിനിടെ സമീപത്തെ വിളക്കിലേക്കുവീണ് തീപിടിക്കയായിരുന്നു. ജനറേറ്ററിലേക്ക് തീ പടർന്നതോടെ മുറിക്കുള്ളിൽ തീ ആളിപ്പടർന്നു.ഇതുകണ്ട് ആളുകൾ ഇറങ്ങിയോടിയെങ്കിലും പത്മാവതിയുൾപ്പെടെ നാലുപേർക്ക് പുറത്തേക്ക് വരാനായില്ല. പെട്ടെന്നുതന്നെ ബന്ധുക്കളും മറ്റുംചേർന്ന് പൊള്ളലേറ്റ നാലുപേരെയും പുറത്തെത്തിച്ച് കോയമ്പത്തൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്മാവതി മരിക്കയായിരുന്നു.

ജനറേറ്ററിന് സാരമായ കേടുപറ്റിയിട്ടുണ്ട്. ഫ്രീസറിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ചു. വീട്ടിനകത്തെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ശരവണംപട്ടി പോലീസ് കേസെടുത്തു. രാമലക്ഷ്മിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് സംസ്കരിച്ചു. പത്മാവതിയുടെ മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടം ചെയ്യും

Exit mobile version