Site icon Fourteen Kerala – 14 Kerala News

പി വി അൻവർ എംഎൽഎ തിരുവന്തപുരത്തെത്തും; മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകാൻ സാധ്യത

തിരുവനന്തപുരം: കേരള പൊലീസിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് ശേഷം ഇതാദ്യമായി പി വി അൻവർ എംഎൽഎ തിരുവനന്തപുരത്തേക്ക്. ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകും എന്നാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ പി വി അൻവർ അറിയിച്ചത്. എത്ര മണിക്ക് മുഖ്യമന്ത്രിയെ കാണുമെന്നും പരാതി നൽകുമെന്നും ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇതുവരെ ഉയർത്തിയത് വാർത്താസമ്മേളനങ്ങളിലൂടെയുള്ള ആരോപണങ്ങൾ ആയിരുന്നുവെങ്കിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കുന്നതോടെ അതൊരു നിർണായക നീക്കം ആവും.

അന്വേഷണ സംഘത്തെ നിശ്ചയിച്ചുവെങ്കിലും എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തതിലും എസ്പി സുജിത്ത് ദാസിനെ സ്ഥലം മാറ്റത്തിലൊതുക്കിയതിലും പി വി അൻവറിന്റെ പ്രതികരണം നിർണായകമാണ്. അൻവറിന് വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഗുരുതര ആരോപണമുന്നയിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ മാറ്റാനും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം കെ ടി ജലീലും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ജലീൽ മുഖ്യമന്ത്രിയെ കാണുന്നത്. ഉദ്യോഗസ്ഥർക്കിടയിലെ കള്ള നാണയം തുറന്നു കാട്ടുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ടി ജലീലും പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാത്രിയോടെയാണ്, പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെൻഷനിലായ എസ്പി സുജിത്ത് ദാസിനെ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റുന്നത്. പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനും സുജിത്ത് ദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ ജില്ലാ പൊലിസ് മേധാവി. ​ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സുജിത്ത് ദാസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എസ്പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി വി അൻവറിനെ ഫോണിൽ വിളിച്ചുസംസാരിക്കുന്നതിൻ്റെ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു.

പൊലീസ് സേനയ്ക്ക് ഇത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.അതേ സമയം എഡിജിപി എംആര്‍ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താതെയാണ് അന്വേഷണം നടക്കുക. ഡിജിപി നേരിട്ടാണ് അന്വേഷണം നടത്തുക. അജിത് കുമാറിനെ മാറ്റാത്ത പോലെ തന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല.

എംആര്‍ അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പി ശശിയെയും മാറ്റേണ്ടി വരുമെന്നതാണ് ഇരുവരെയും നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍. എം ആര്‍ അജിത്ത് കുമാര്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോള്‍ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണ് അദ്ദേഹമെന്നും പിവി അന്‍വര്‍ പറഞ്ഞിരുന്നു. മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ് കോളുകള്‍ എം ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചോര്‍ത്തുന്നുണ്ടന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു.

Exit mobile version