Kannur

പാനൂരിൽ നേപ്പാൾ സ്വദേശിയായ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു, ഹോട്ടലുടമയും സുഹൃത്തുക്കളും അറസ്റ്റിൽ

Please complete the required fields.




കണ്ണൂർ: പാനൂരിൽ നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിക്ക് ക്രൂരമർദനം. നേപ്പാൾ ഘൂമി സ്വദേശി മോഹന് നേരെയാണ് ആക്രമണമുണ്ടായത്. കേസിൽ ഹോട്ടലുടമ ചൈതന്യകുമാറടക്കം മൂന്നു പേർ അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മാക്കൂൽപീടികയിലെ ഇക്കാസ് ഹോട്ടലുടമ ചൈതന്യകുമാർ, സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശി ബുഹാരി, മൊകേരി സ്വദേശി അഭിനവ് എന്നിവർ മോഹനെ മുറിയിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ചു. ഒരാഴ്ച മുൻപ് വരെ ഇക്കാസ് ഹോട്ടലിലായിരുന്നു മോഹന് ജോലി. അടുത്തിടെ ഇയാൾ മറ്റൊരു ഹോട്ടലിൽ ജോലിക്കു കയറി. അതിനുശേഷം ഹോട്ടലിലെ മറ്റ് രണ്ട് തൊഴിലാളികളെ കൂടെ അങ്ങോട്ടേക്ക് കൊണ്ടുപോയി.

ഈ വൈരാഗ്യമാണ് മർദനത്തിന് കാരണം. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ മൂന്നംഗസംഘം മോഹനെ ക്രൂരമായി മർദിച്ചു. അവശനായെന്ന് കണ്ടപ്പോൾ തലശേരി റെയിൽവേ സ്റ്റേഷനിലെത്തിച്ചു. അടുത്ത വണ്ടിക്ക് സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി മൂവരും കടന്നുകളഞ്ഞു. എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാതെ മോഹൻ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്രതികളായ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ മോഹനെ തുടർചികിത്സയ്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button