World

ജര്‍മ്മന്‍ ‘ടാങ്കുകള്‍’ ഇരച്ചു കയറിയിട്ടും സ്‌പെയിന്‍ വിജയത്തീരം തൊട്ടു; ആതിഥേയര്‍ മടങ്ങിയത് അധികസമയത്തെ പിഴവില്‍

Please complete the required fields.




ആദ്യം സ്‌പെയിനിന്റെ ആധിപത്യം. പിന്നെ ജര്‍മ്മനിയുടെ കീഴടക്കല്‍. 1-1 സമനിലയില്‍ 90 മിനിറ്റും പിന്നിട്ട് അധിക സമയത്തേക്ക് നീണ്ടപ്പോള്‍ യൂറോയിലെ ഭംഗിയാര്‍ന്ന മത്സരമായി അത് മാറി. പൊരിഞ്ഞ പോരാട്ടത്തില്‍ ആതിഥേയരായ ജര്‍മ്മനിയെ വീഴ്ത്തി സ്‌പെയിന്‍ യുറോ കപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയെങ്കിലും സ്‌പെയിന്‍ ആദ്യമായി വിറച്ചത് ജര്‍മ്മനിയുടെ കളിശൈലിക്ക് മുന്നിലായിരിക്കാം. നിശ്ചിത സമയത്തില്‍ 1-1 എന്ന സ്‌കോറില്‍ സമനിലയായി അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ അവസാന നിമിഷത്തില്‍ പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറിനോയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. നിശ്ചിത സമയത്ത് 51-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യ വല കുലുക്കിയത്. പകരക്കാരനായെത്തിയ ഡാനി ഒല്‍മോ ആണ് ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ വീണതിന് ശേഷം ഉണര്‍ന്നു കളിച്ച ജര്‍മ്മനി 89-ാം മിനിറ്റില്‍ ഫ്ളോറിയന്‍ വിര്‍ട്സിലൂടെ തിരിച്ചടിച്ചു. കളിയുടെ അന്ത്യ നിമിഷം വരെ ആക്രമണ പ്രത്യാക്രമണങ്ങളുമായി ആവേശകരമായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ അധികം നിമിഷം വരെ ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഫലം പൊടുന്നനെ സ്‌പെയിന്‍ താര നിര മാറ്റുകയായിരുന്നു.

മത്സരം ആരംഭിച്ചയുടന്‍ തന്നെ സ്പെയിന്‍ ടീം ഒന്നടങ്കം നിരന്തരം ജര്‍മ്മന്‍ പകുതിയില്‍ കടന്ന് ആക്രമണത്തിന് മുതിര്‍ന്നിരുന്നു. ഒന്നാം മിനിറ്റില്‍ പെഡ്രി ഉതിര്‍ത്ത ഷോട്ട് ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ കൈയ്യിലൊതുക്കി. പിന്നാലെ എട്ടാം മിനിറ്റില്‍ പരിക്കേറ്റ പെഡ്രി കളം വിട്ടു. ഡാനി ഒല്‍മോയാണ് പകരക്കാരനായെത്തിയത്. ജര്‍മ്മന്‍ മധ്യനിരയെയും പ്രതിരോധത്തെയും തെല്ലും കൂസാതെ നിക്കോ വില്ല്യംസും യമാലും വിങ്ങുകളിലൂടെ മുന്നേറിയെത്തിയതോടെ ജര്‍മനി ശരിക്കും പ്രതിരോധത്തിലായി. ഇതോടെ ടോണി ക്രൂസ് അടക്കമുള്ള ജര്‍മ്മന്‍ കളിക്കാര്‍ പലപ്പോഴും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. ഗോള്‍ വഴങ്ങിയതിന് ശേഷം അതുവരെ കണ്ട ജര്‍മ്മനിയെ അല്ല മൈതാനത്ത് കണ്ടത്. പന്ത് നിയന്ത്രണത്തിലാക്കി നിരന്തരം സ്‌പെയിന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം നടത്തുകയായിരുന്നു ജര്‍മ്മനി. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സ്‌പെയിന്‍ പ്രതിരോധനിര പണിപ്പെട്ട് ഇല്ലാതാക്കി.

സ്പാനിഷ് കീപ്പറെ പലവട്ടം ജര്‍മ്മന്‍ താരങ്ങള്‍ പരീക്ഷിച്ചു. 34-ാം മിനിറ്റില്‍ സ്പെയിന്‍ പ്രതിരോധം ഭേദിച്ച് ജര്‍മനിയുടെ മുന്നേറ്റം കണ്ടു. സ്‌പെയിന്‍ പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ ബോക്സിലേക്ക് നീട്ടിയ പന്ത് കിമ്മിച്ച് ഓടിയെടുത്തു. എന്നാല്‍ താരത്തിന്റെ ക്രോസ് സമയോചിതമായ ഇടപെടലിലൂടെ സ്പെയിന്‍ ഗോള്‍കീപ്പര്‍ ഉനായി സിമോണ്‍ കൈയ്യിലൊതുക്കി. വീണ്ടും ജര്‍മനി മുന്നേറ്റം നടത്തി. മധ്യഭാഗത്ത് നിന്ന് നീട്ടി ഉയര്‍ത്തിയ പന്ത് ബോക്സിനടുത്തുനിന്ന് കായ് ഹവേര്‍ട്സിന് കിട്ടി. താരത്തിന്റെ ഉഗ്രന്‍ ഷോട്ട് സിമോണിന് മുമ്പില്‍ ഇത്തവണയും നിശ്ചലമായി. സ്‌പെയിനിന്റെ ഓരോ മുന്നേറ്റങ്ങളെയും കൃത്യമായി ജര്‍മ്മനി നേരിട്ടു. ആദ്യ പകുതിയുടെ അവസാനമിനിറ്റുകളില്‍ ജര്‍മന്‍ ഗോള്‍മുഖത്ത് പൊസഷന്‍ ഗെയിം നടത്തി സ്‌കോര്‍ കണ്ടെത്താനുള്ള സ്പാനിഷ് തന്ത്രം ജര്‍മ്മനി കുറ്റമറ്റ രീതിയില്‍ പ്രതിരോധിച്ചു. ബോക്‌സിന് പുറത്ത് നിലയുറപ്പിച്ച് ചെറിയ പാസുകളിലൂടെ സ്‌പെയിന്‍ ബോക്‌സിനുള്ളിലേക്ക് കടന്നു കയറുമ്പോഴൊക്കെയും ജര്‍മന്‍ പ്രതിരോധം ഉറച്ചുനിന്നു. പ്രതിരോധം ഭേദിക്കാന്‍ സ്‌പെയിന്‍ ശ്രമം തുടരെവെ ഗോള്‍രഹിതമായി തന്നെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും പുതിയ അടവുകളുമായാണ് കളത്തിലിറങ്ങിയത്. ഇത്തവണ പന്തിന്റെ നിയന്ത്രണം ഏറെ സമയവും സ്‌പെയിനിന്റെ കൈവശമായിരുന്നു. ഇതിനുള്ള ഫലവും കണ്ടു. ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ സ്പെയിനിന് മികച്ച അവസരം ലഭിച്ചു. ജര്‍മ്മന്‍ ബോക്‌സിനുള്ളില്‍ കടന്നുകയറിയ സ്പാനിഷ് സംഘം ഗോളിന് അടുത്തെത്തി. പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന് സ്ട്രൈക്കര്‍ അല്‍വാര മൊറാട്ട ഉഗ്രന്‍ ഷോട്ടുതിര്‍ത്തു. എന്നാല്‍ തകര്‍പ്പന്‍ അടി ബാറിന് മുകളിലൂടെ പോയി. മിനിറ്റുകള്‍ക്ക് ശേഷം ജര്‍മനിയെ ഞെട്ടിച്ച് സ്പെയിന്‍ ലീഡെടുത്തു. എട്ടാം മിനിറ്റില്‍ ജര്‍മ്മനി പുറത്തെടുത്ത പരുക്കന്‍കളിയില്‍ പരിക്കേറ്റ് കളം വിടേണ്ടി വന്ന ബാഴ്‌സലോന താരം പെഡ്‌റോ ഗോണ്‍സാലസ് ലോപസിന് പകരക്കാരനായി എത്തിയ ഡാനിയല്‍ ഒല്‍മോയാണ് 51-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടത്. വലതുവിങ്ങിലൂടെ മുന്നേറിയ ലാമിന്‍ യമാല്‍ ബോക്സിന്റെ മദ്യത്തിലേക്ക് സുന്ദരമായ ഒരു പാസ്. ഒല്‍മോ ഫ്രീയാണെന്ന് കൃത്യമായി മനസിലാക്കി പൊടുന്നനെയുള്ള പാസ് കൂടിയായിരുന്നു അത്. പന്തിലേക്ക് അടുത്ത ഒല്‍മോ ഒട്ടും സമയം കളയാതെ തന്നെ മാനുവല്‍ ന്യൂയറിന്റെ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തു. ഇടതുവശത്തേക്ക് അതിവേഗം കയറിയ ഷോട്ട് തടയാന്‍ ന്യൂയര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്‌കോര്‍ 1-0.

Related Articles

Back to top button