
കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ ‘ആവിയിൽ’ ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാസർകോട് ചെങ്കളയിലെ ഫാത്തിമത്ത് സുഹറയുടെ (42) മൃതദേഹമാണ് മുറിക്കുള്ളിൽ കണ്ടെത്തിയത്.മൂന്നുമാസമായി ഇവർക്കൊപ്പം താമസിക്കുന്ന ആൺസുഹൃത്ത് ചെങ്കള റഹ്‌മത്ത് നഗറിലെ ഹസൈനാറിനെ (30) കഴിഞ്ഞ ദിവസം കാസർകോട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുഹറയെ കൊലപ്പെടുത്തിയശേഷം ഹസൈനാർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച ഇരുവരെയും കാഞ്ഞങ്ങാട്ടെ ക്വാർട്ടേഴ്സിൽ കണ്ടിരുന്നു. വൈകീട്ടോടെ മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലും കണ്ടു. മംഗളൂരുവിലേക്ക് പോകുമെന്ന് സുഹറ ചിലരോട് പറഞ്ഞിരുന്നു.രണ്ടു ദിവസമായിട്ടും ഫോണെടുക്കാത്തതിനാൽ സുഹൃത്ത് ഷർമിള ചൊവ്വാഴ്ച വൈകിട്ട് ക്വാർട്ടേഴ്സിലെത്തി. വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് ഇവരെ മൊബൈൽ ഫോണിൽ വിളിച്ചു.റിങ്‌ടോൺ അകത്തു നിന്നു കേട്ടതോടെ ഇവർ ജനാല തുറന്നപ്പോഴാണ് അകത്തു നിന്ന് ദുർഗന്ധമുയർന്നത്. തുടർന്നാണ് ഇവർ പോലീസിനെ വിവരമറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് മുറിയിലെ സോഫയിൽ സുഹറയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ സാരി മുറുകിയിട്ടുണ്ട്. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പോലീസും കാസർകോട്ടുനിന്ന് വിരലടയാളവിദഗ്ധരുമെത്തി പരിശോധിച്ചു.തുടർന്ന് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയോടെയാണ് ഹസൈനാർ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്.തിങ്കളാഴ്ച പകൽ ഇയാളെ കാണാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ വെന്റിലേറ്ററിലൂടെ നോക്കിയപ്പോഴാണ് ഫാനിന്റെ കൊളുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട്ടെ ക്വാർട്ടേർസിന്റെ താക്കോൽ ലോഡ്ജ് മുറിയിൽനിന്ന് കണ്ടെത്തി.