Alappuzha

മാന്നാര്‍ കൊല: കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി; ഭർത്താവിന്റെ പങ്കും സംശയത്തിൽ

Please complete the required fields.




ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചു. എന്നാൽ ഇത് മൃതദേഹത്തിൻ്റെ ഭാഗമാണോയെന്ന് സംശയിച്ചിട്ടില്ല.
സ്ത്രീകൾ മുടിയിൽ ഇടുന്ന ക്ലിപ്പ്, സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്ത്രത്തിൻ്റെ ഇലാസ്റ്റിക് എന്നിവ ലഭിച്ചിട്ടുണ്ട്. 15 വര്‍ഷം പിന്നിട്ടതിനാൽ ചെറിയ അവശിഷ്ടം മാത്രമേ ലഭിക്കൂവെന്ന് ഫൊറൻസിക് സംഘം സംശയിക്കുന്നുണ്ട്. വിശദമായി പരിശോധന തുടരുകയാണ്. സംഭവത്തിൽ ഭര്‍ത്താവ് അനിലിനും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള നാല് പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല. നാല് പേരും പരസ്പരം ബന്ധമില്ലാത്ത മൊഴികളാണ് നൽകുന്നത്. കലയെ കാണാതയപ്പോൾ മാതാപിതാക്കളും പരാതി നൽകിയിരുന്നില്ല.

കല കൊച്ചിയിൽ ജോലിക് പോയി എന്ന നിഗമനത്തിൽ ആയിരുന്നു കുടുംബം. വ്യക്തി വൈരാഗ്യമാകും കൊലയ്ക്ക് കാരണമെന്ന് കരുതുന്നു. മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ ലഭിച്ചാൽ മാത്രമേ പല മൊഴികളും സ്ഥിരീകരിക്കാനാവൂ. സംഭവത്തിൽ ഭർത്താവിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും അവരെല്ലാം തങ്ങൾക്ക് ഒന്നുമറിയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. കല മറ്റൊരാൾക്കൊപ്പം പോയെന്നായിരുന്നു കാണാതായ ശേഷം അനിലും പറഞ്ഞിരുന്നത്.

എന്നാൽ കൊലപാതകമാണെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് പൊലീസ് ഇദ്ദേഹത്തെയും സംശയിക്കുന്നത്. ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും ഇരു ജാതിക്കാരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഇതോടെ കലയുടെ ബന്ധുക്കൾ ഇവരുമായി ബന്ധം അറുത്തു. പിന്നീട് കലയെ കാണാതായപ്പോൾ, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞത്. നാട്ടുകാരോ ബന്ധുക്കളോ പൊലീസോ പോലും കാര്യമായ അന്വേഷണം നടത്തിയില്ല.

പിന്നീട് അനിലിൻ്റെ മാന്നാറിലെ വീട് പുതുക്കി പണിതു. പുനര്‍ വിവാഹിതനായ അനിൽ ഇസ്രയേലിൽ ജോലിക്ക് പോയി. മാസങ്ങൾക്ക് മുൻപാണ് സംഭവത്തിൽ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ പ്രമോദ് പിടിയിലായി. അന്വേഷണത്തിൽ കലയുടെ തിരോധാനത്തെ കുറിച്ചും വിവരം ലഭിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ അമ്പലപ്പുഴ സ്റ്റേഷനിൽ ഊമക്കത്തായി ചില വിവരങ്ങൾ ലഭിച്ചു. ഇതോടെ പ്രമോദിനെയും സുഹൃത്തുക്കളെയും പൊലീസ് തുട‍ര്‍ച്ചയായി നിരീക്ഷിച്ചു. കൊലപാതകമെന്ന സംശയം ബലപ്പെട്ടപ്പോഴാണ് നാല് പേരെയും കസ്റ്റഡിയിലെടുത്തത്. മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കലയെ കുഴിച്ചുമൂടിയത്.

Related Articles

Back to top button