India

മോദിയുടെ കാറിനുനേരെ ചെരിപ്പേറ്; സംഭവം വാരാണസിയിൽ സന്ദർശനത്തിനിടെ

Please complete the required fields.




വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര ​മോദിയുടെ കാറിനുനേരെ ചെരിപ്പെറിഞ്ഞു. തന്റെ മണ്ഡലമായ വാരാണസിയിൽ സന്ദർശനത്തിനിടെ ബുധനാഴ്ച മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് കാറിനു മുകളിൽ ചെരിപ്പ് വന്നു വീണത്. സുരക്ഷാ ഉദ്യോഗസ്ഥൻ ചെരിപ്പെടുത്ത് മാറ്റുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചശേഷം മോദി ആദ്യമായാണ് മണ്ഡലത്തിലെത്തിയത്.

റോഡരികിൽ ജനക്കൂട്ടം തിങ്ങിനിൽക്കുന്നതിനിടയിൽനിന്നാണ് ചെരിപ്പ് കാറിന്റെ ബോണറ്റിൽവന്നു വീണത്. മോദിയുടെ ബുള്ളറ്റ് പ്രൂഫ് കാറിനുനേർക്ക് ചെരിപ്പ് വന്നു വീണത് സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്. ചെരിപ്പ് എറിഞ്ഞയാളെ പിടികൂടിയോ എന്നതൊന്നും വ്യക്തമല്ല. വാരാണസിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി മത്സരിക്കാനിറങ്ങിയ മോദിയെ വിറപ്പിച്ചുവിട്ടാണ് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഇക്കുറി കീഴടങ്ങിയത്.

വോട്ടെണ്ണലിനിടെ, ഒരു ഘട്ടത്തിൽ റായിക്കുമുന്നിൽ 6000ലേറെ വോട്ടിന് പിന്നിലായിരുന്നു മോദി. ഒടുക്കം ഒന്നരലക്ഷം വോട്ടിന്റെ നിറംകെട്ട ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. മോദി പ്രഭാവം ഇന്ത്യയൊട്ടുക്കും ആഞ്ഞടിക്കുമെന്ന് വീമ്പുപറഞ്ഞ് മത്സരിച്ച തെരഞ്ഞെടുപ്പിൽ വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ബി.ജെ.പിക്ക് കനത്ത ആഘാതമായി.

2019 ൽ മോദിക്കെതിരെ മത്സരിച്ചപ്പോൾ 4.79 ലക്ഷം വോട്ടിനാണ് അജയ് റായ് തോറ്റത്. ഇത്തവണ വീണ്ടും റായ് തന്നെ എതിരാളിയായതോടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വീരവാദം. പക്ഷേ, കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒന്നാന്തരമായി ഒത്തുപിടിച്ചപ്പോൾ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമായി കുത്തനെ കുറയുകയായിരുന്നു

Related Articles

Back to top button