Kasargod

പഞ്ചായത്തിൽ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി; വിഇഒക്കെതിരെ കേസെടുത്തു, പരാതി തെറ്റാണെന്ന് വിഇഒ

Please complete the required fields.




കാസർകോട്: കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ വിഇഒ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ തിരിച്ച് വാങ്ങാനെത്തിയ കോട്ടവളപ്പിലെ സാവിത്രിയാണ് പരാതിക്കാരി.എന്നാല്‍ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിഇഒ എം അബ്ദുല്‍ നാസര്‍ പറയുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോട്ടവളപ്പിലെ സാവിത്രി ഒരുക്കങ്ങള്‍നടത്തി.
അധികൃതരുടെ നിര്‍ദേശ പ്രകാരം ഉണ്ടായിരുന്ന കൂര പൊളിച്ച് സ്ഥലമൊരുക്കി. പക്ഷേ പിന്നീട് അധികൃതര്‍ തിരുത്തി. വീട് അനുവദിച്ചത് മറ്റൊരു സാവിത്രിക്ക്. ഇതോടെ നല്‍കിയ രേഖകള്‍ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടാണ് സാവിത്രി പഞ്ചായത്തിലെത്തിയത്.എന്നാല്‍ രേഖകൾ മുഴുവനും തിരിച്ച് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വിഇഒ ഓഫീസില്‍ കുത്തിയിരിക്കുകയായിരുന്നുവെന്ന് സാവിത്രി. പുറത്ത് പോകാന്‍ തയ്യാറാകാത്തതോടെ വിഇഒ ഓഫീസില്‍ പൂട്ടിയിട്ടെന്നും ഇവര്‍ ആരോപിക്കുന്നു.

സാവിത്രി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ടൗണ്‍പൊലീസ് വിഇഒയ്ക്കെതിരെ കേസെടുത്തു. വിഇഒയുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് സാവിത്രിക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും വ്യക്തമാക്കി.സാവിത്രിയുടെ ആരോപണം തെറ്റാണെന്നാണ് വിഇഒയുടെ വിശദീകരണം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിഇഒ പറയുന്നത്. തന്നോട് ചെയ്ത അനീതിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് സാവിത്രി. നീതി വേണമെന്നാണ് ഇവര‍് ആവശ്യപ്പെടുന്നത്.

Related Articles

Back to top button