Site icon Fourteen Kerala – 14 Kerala News

തറയിൽ മൃതദേഹം, നാട്ടുകാർ പോലീസിലറിയിച്ചു; സഹോദരീഭർത്താവ് ചിതലിന് തളിക്കുന്ന മരുന്നെടുത്ത് കുടിച്ചു

തൃശൂർ/ നെടുമ്പാൾ: വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് സംശയം. നെടുമ്പാൾ വഞ്ചിക്കടവ് റോഡിൽ കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ സന്തോഷാ(45)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടത്. അസ്വാഭാവികമരണത്തിനാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.

ഓട്ടോ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളർന്നുകിടപ്പായിരുന്നു. സഹോദരിക്കും ഭർത്താവിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവരാണ് മരണവിവരം നാട്ടുകാരെ അറിയിച്ചത്.മൃതദേഹം തറയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ സഹോദരിയും ഭർത്താവും അത് വിലക്കാൻ ശ്രമിച്ചു.എന്നാൽ, പോലീസിൽ അറിയിച്ചതോടെ സഹോദരീഭർത്താവ് വീട്ടിൽ സൂക്ഷിച്ചിരുന്ന ചിതലിന് തളിക്കുന്ന മരുന്ന്‌ കുടിക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകമെന്ന സംശയം ഉയർന്നതെന്ന് പോലീസ് പറയുന്നു.

സന്തോഷിന്റെ വീട്ടിലാണ് സഹോദരിയും ഭർത്താവും കഴിഞ്ഞിരുന്നത്. തലയ്ക്ക്‌ ക്ഷതമേറ്റിട്ടുണ്ടെന്നും കഴുത്തുഞെരിച്ച്‌ ശ്വാസതടസ്സം സംഭവിച്ചെന്നുമാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം തുടർനടപടിയെടുക്കുമെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.

Exit mobile version