Site icon Fourteen Kerala – 14 Kerala News

‘കല്യാണത്തിനുള്ള പണം ചോദിച്ചപ്പോള്‍ ബാങ്ക് കൈമലര്‍ത്തി, പക്ഷേ അവൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’

നെയ്യാറ്റിന്‍കര: ‘മകളുടെ കല്യാണത്തിനാവശ്യമായ പണം ബാങ്കിലുണ്ടെന്ന് പറഞ്ഞിരുന്നു. കിട്ടിയില്ലെന്ന് കരുതി ഈ കടുംകൈ അവന്‍ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല’, പറയുമ്പോള്‍ തോമസിന്റെ പിതാവ് യേശുദാസ് വിതുമ്പി. സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിഷംകഴിച്ച തോമസ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രില്‍ 19-ന് വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായ തോമസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 5,30,000 രൂപയാണ് തോമസ് നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിന് കരുതലായി നിക്ഷേപിച്ചിരുന്നതാണ് തുക. വിവാഹ ആലോചന ഉറച്ചതോടെ തോമസ് നിക്ഷേപം തിരികെ ചോദിച്ചെങ്കിലും പണമില്ലാത്തതിനാല്‍ അത്രയും തുക തിരികെ തരാന്‍ നിര്‍വാഹമില്ലെന്നാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടി.

ഇതോടെ വിവാഹം മുടങ്ങുമെന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൃഷിയും മേസ്തിരിപ്പണിയും നടത്തിയാണ് തോമസ് കുടുംബം പുലര്‍ത്തിയിരുന്നത്. പണം ലഭിക്കുമെന്നാണ് തോമസ് കരുതിയിരുന്നതെന്നും അവസാനം അത് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കടുംകൈ ചെയ്തതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മകളുടെ വിവാഹവും വീടിന്റെ നവീകരണവും മുന്നില്‍കണ്ടാണ് പണം നിക്ഷേപിച്ചിരുന്നത്.

അതേസമയം, ലോണ്‍ എടുത്തവര്‍ അത് തിരികെ അടയ്ക്കാന്‍ വിമുഖത കാണിക്കുന്നതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്നാണ് ബാങ്കിന്റെ വിശദീകരണം. യു.ഡി.എഫിന്റെ ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. കണ്ടല, കരുവന്നൂര്‍ സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയുണ്ടായ സമയത്ത് ഈ ബാങ്കില്‍ നിന്നും ആളുകള്‍ നിക്ഷേപം പിന്‍വലിച്ചിരുന്നു. കുറെയൊക്കെ പിടിച്ചുനിര്‍ത്തിയാണ് അന്ന് പ്രതിസന്ധി താത്കാലികമായി പരിഹരിച്ചത്.

ഇനി വായ്പ തിരിച്ചടയ്ക്കാത്തവരില്‍നിന്ന് റവന്യു റിക്കവറി അടക്കം നടപടി സ്വീകരിച്ചാല്‍ മാത്രമേ പണം തിരികെ പിടിക്കാന്‍ സാധിക്കൂവെന്നും അങ്ങനെ പണം കിട്ടിയാല്‍ മാത്രമേ നിക്ഷേപകര്‍ക്ക് തുക മടക്കിനല്‍കാനാകൂവെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. തോമസ് ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത്രത്തോളം പ്രാധാന്യമുള്ള കാര്യത്തിനാണ് പണം തിരികെ ചോദിക്കുന്നതെന്ന കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ബാങ്ക് സെക്രട്ടറി പറയുന്നു.

അതേസമയം, പണം തിരികെചോദിക്കാന്‍ ചെന്ന തോമസിനെ ബാങ്കധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പിതാവ് യേശുദാസ് ആരോപിക്കുന്നത്. ബാങ്കുകാര്‍ പറയുന്ന ദിവസങ്ങളിലെല്ലാം ചെല്ലും, എന്നാൽ പണം തിരികെ കൊടുത്തിരുന്നില്ല. ഇതിന് പിന്നാലെ അവരുടെ ഭാഗത്തുനിന്ന് ഭീഷണി കൂടി വന്നതോടെ അതിന്റെ മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രതിഷേധങ്ങളെ ഭയന്ന് പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വ്യാഴാഴ്ച തുറന്നില്ല.

ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പുറത്തുവന്നതോടെ കൂടുതല്‍ ആളുകള്‍ നിക്ഷേപം പിന്‍വലിക്കാന്‍ ബാങ്കിലെത്തുന്ന സാഹചര്യമുണ്ട്. തോമസിനേപ്പോലെ പണം നിക്ഷേപിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തവരുണ്ട്. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്ക് തവണകളായി പണം തിരികെ നല്‍കുന്ന രീതിയാണ് സ്വീകരിക്കുന്നത്. ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടും ആയിരവും രണ്ടായിരവുമൊക്കെയായി തിരികെവാങ്ങാന്‍ ബാങ്കിന് മുന്നില്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിക്ഷേപകര്‍ക്കുള്ളത്.

Exit mobile version