Site icon Fourteen Kerala – 14 Kerala News

വടക്കൻ കേരളം വരൾച്ചയിലേക്ക്; നാല് ജില്ലകളിൽ വേനൽമഴയുടെ കുറവ് 90 ശതമാനത്തിലധികം

കാസർകോട്: വേനൽമഴ മാറിനിൽക്കുന്നത് വടക്കൻ കേരളത്തിൽ വരൾച്ചാഭീഷണിയുയർത്തുന്നു. മധ്യ-തെക്കൻ കേരളത്തിൽ ഭേദപ്പെട്ട മഴ കിട്ടുമ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വേനൽമഴയിൽ വലിയ കുറവാണുണ്ടായത്‌. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ശരാശരി പെയ്യേണ്ട മഴയെക്കാൾ 90 ശതമാനത്തിലധികം കുറവാണ് ഈ ജില്ലകളിൽ കേന്ദ്രകാലവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്.

മലപ്പുറത്ത് 108.9 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് വെറും 2.5 മില്ലിമീറ്റർ മാത്രം. 98 ശതമാനം കുറവ്. 57.3 മില്ലിമീറ്റർ പെയ്യേണ്ട കാസർകോട്ട്‌ 3.6 മില്ലിമീറ്റർ മാത്രം. 94 ശതമാനം കുറവാണിവിടെ. കണ്ണൂരിൽ 62.5 പെയ്യേണ്ടിടത്ത് 5.9 മില്ലിമീറ്റർ. 91 ശതമാനം കുറവ്. കോഴിക്കോട് 4.7 മില്ലിമീറ്ററാണ് ഇതുവരെ പെയ്ത മഴ. 97.3 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇത്. 95 ശതമാനം കുറവാണ്.

നാലുദിവസമായി ഉഷ്ണതരം​ഗം തുടരുന്ന പാലക്കാട് (84), തിങ്കളാഴ്ച ഉഷ്ണതരംഗം സ്ഥിരീകരിച്ച തൃശ്ശൂരിൽ (80), ഇടുക്കി (83) ശതമാനം വീതം കുറവ് മഴയാണ് ഈ വേനൽമഴ സീസണിൽ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഭേദപ്പെട്ട മഴയാണ് ഈ സീസണൽ പെയ്തത്. സംസ്ഥാന ശരാശരിയിൽ 62 ശതമാനം കുറവാണ് കേന്ദ്രകാലവസ്ഥാവകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 136.3 മില്ലിമീറ്റർ പെയ്യേണ്ടിടത്ത് 51.8 മില്ലിമീറ്റർ മാത്രമാണ് കേരളത്തിൽ ഇതുവരെ പെയ്ത മഴയുടെ കണക്ക്.

Exit mobile version