Site icon Fourteen Kerala – 14 Kerala News

നിള വരളുന്നു, നാടിന് ദാഹിക്കുന്നു; പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു

ഒറ്റപ്പാലം: നിള വെറുമൊരു പുഴയല്ല… ഉത്ഭവസ്ഥാനംതൊട്ട് കടലില്‍ ചെന്നുചേരുംവരെ അനേകം കുടുംബങ്ങള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ആശ്രയംകൂടിയാണ്. കുളിക്കാനും കുടിക്കാനും ഉപജീവനത്തിനുമുള്ള നിള. ഇത്തവണ മഴ പൂര്‍ണമായും വിട്ടുമാറിനിന്നപ്പോള്‍ വേനല്‍, ഉഷ്ണതരംഗമെന്ന തീവ്രഭാവത്തിലേക്ക് മാറിയപ്പോള്‍ ആകെ കഷ്ടത്തിലായത് ഈ ജീവിതങ്ങളാണ്. ഭൂരിഭാഗംപേര്‍ക്കും കുടിവെള്ളമില്ലാത്തതാണ് പ്രതിസന്ധി. നിളയിലെ പുഴമീന്‍പിടിച്ച് ജീവിക്കുന്നവര്‍ക്കുപോലും പ്രതിസന്ധിയാണ്. മെലിഞ്ഞും തളര്‍ന്നും ഒഴുക്ക് നിലച്ചും ഉരുകിപ്പോകുന്ന ചൂടിന്റെ നേര്‍ക്കാഴ്ചയായി നിള.

കുടിവെള്ള വിതരണത്തിനായി ഭാരതപ്പുഴയുടെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഏകദേശം 115 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് സാധാരണയെടുക്കുന്നത്. ഒറ്റപ്പാലം-അമ്പലപ്പാറ, ഷൊര്‍ണൂര്‍-വാണിയംകളം, ഓങ്ങല്ലൂര്‍, മുതുതല, ആനക്കര -പട്ടിത്തറ-കപ്പൂര്‍, പട്ടാമ്പി, ഗുരുവായൂര്‍-ചാവക്കാട്, പാവറട്ടി, വടക്കാഞ്ചേരി – ദേശമംഗലം തുടങ്ങിയ പദ്ധതികള്‍ക്കായാണിത്. ഇതിനുപുറമേ തദ്ദേശസ്ഥാപനങ്ങളുടെ ചെറിയ പദ്ധതികളുമുണ്ട്. കുടിവെള്ളത്തിന് പുറമേ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുതല്‍ ആനക്കരവരെയുള്ള പ്രദേശങ്ങളില്‍ പ്രധാനപ്പെട്ട 15 ജലസേചന പദ്ധതികളും പ്രവര്‍ത്തിക്കുന്നത് നിളയെ ആശ്രയിച്ചാണ്. വെള്ളംവറ്റുന്നത് ഇവയ്ക്കെല്ലാം പ്രതിസന്ധിയാണ്.

പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു ; പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാവകുപ്പ്. തിങ്കളാഴ്ചയും തുടര്‍ന്നേക്കും. മേയ് രണ്ടുവരെ ജില്ലയില്‍ ചൂടുകൂടി നില്‍ക്കാനാണ് സാധ്യത. കേരളത്തില്‍ എവിടെയെങ്കിലും തുടര്‍ച്ചയായി മൂന്നുദിവസം ഉഷ്ണതരംഗം അനുഭവപ്പെടുന്നത് ഇതാദ്യമായാണ്.

പാലക്കാട്ട് ഞായറാഴ്ച രേഖപ്പെടുത്തിയത് 41.6 ഡിഗ്രിയാണ്. ഇത് ശരാശരിയില്‍നിന്ന് 5.3 ഡിഗ്രി കൂടുതലാണ്. ശനിയാഴ്ച 41.8 ഡിഗ്രിയും ശരാശരിയില്‍നിന്നുള്ള മാറ്റം 5.5 ഡിഗ്രിയുമായിരുന്നു.

Exit mobile version