Site icon Fourteen Kerala – 14 Kerala News

വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബേദ്കര്‍ സ്‌റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടത്. ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. റൂറൽ എസ്പിയുടെ ഓഫിസിലെ വനിതാ സെല്ലിലാണ് ഡോക്ടർ മൊഴി നൽകിയത്.

തുടർന്ന് സൈജുവിനോടു ചുമതലയിൽ നിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണച്ചുമതല. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു. വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു.

ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറൽ എസ്പിക്കു പരാതി നൽകി. നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകി. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണു സൈജുവിന്റെ വിശദീകരണം.

Exit mobile version