Site icon Fourteen Kerala – 14 Kerala News

ഒറ്റപ്പാലത്തിന്റെ ഒടുവിലത്തെ എം.പി. അജയകുമാർ

ഒറ്റപ്പാലം: 1996-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലം. സ്ഥാനാർഥിനിർണയത്തിന് മുമ്പുള്ള ഒരുക്കങ്ങളിലായിരുന്നു പാർട്ടികൾ. അന്ന് ഡി.വൈ.എഫ്.ഐ.യുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന 35-കാരൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒറ്റപ്പാലം പാലപ്പുറം അങ്ങാടിയിലേക്കിറങ്ങി. പാർട്ടി ഓഫീസിലേക്ക് പോകുംമുമ്പ് ഒരു ചായകുടിക്കാനായി ചായക്കടയിൽ കയറി. സ്ഥാനാർഥി ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് ചായക്കടയിലെ ‘മാതൃഭൂമി’ പത്രം മറിച്ചുനോക്കി. പത്രത്തിലെ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു -‘ഒറ്റപ്പാലത്ത് അജയൻ, മുകുന്ദപുരത്ത് വിശ്വനാഥമേനോൻ’. ആരാണീ അജയൻ എന്നറിയാൻ വാർത്ത മുഴുവനായി വായിച്ചു. കൗതുകം അന്ധാളിപ്പിലേക്ക് വഴിമാറി. എസ്. അജയകുമാർ, തന്റെ പേരുതന്നെ.

മൊബൈൽ ഇല്ലാത്ത കാലത്ത് ‘മാതൃഭൂമി’ പത്രത്തിലൂടെയാണ് സ്വന്തം സ്ഥാനാർഥിത്വം അറിഞ്ഞതെന്ന് ഇപ്പോൾ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എസ്. അജയകുമാർ പറയുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന പി. ഉണ്ണിയാണ് ഇക്കാര്യം പിന്നീട് നേരിട്ട് അറിയിക്കുന്നത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. സധൈര്യം മുന്നോട്ടുനീങ്ങി.

മണ്ഡലത്തിലെ കടകൾപോലും വിടാതെ കയറി പ്രചാരണം നടത്തിയിരുന്ന കാലമായിരുന്നു അത്. ഇന്നത്തെപ്പോലെ സാമൂഹികമാധ്യമങ്ങളില്ല. എല്ലായിടത്തും നേരിട്ടുതന്നെ എത്തണം -അജയകുമാർ ഓർത്തു. 23,064 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു അന്ന് ജയം. പിന്നീട് 1998, 1999, 2004 തിരഞ്ഞെടുപ്പുകളിലും ഒറ്റപ്പാലത്തുനിന്ന് എസ്. അജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലയിൽ ഏറ്റവുംകൂടുതൽ തവണ എം.പി.യായവരിൽ ഒരാളും എസ്. അജയകുമാറാണ്.

Exit mobile version