Site icon Fourteen Kerala – 14 Kerala News

ടി.ടി.ഇ.യുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി, രണ്ടുകാലുകളും അറ്റു

തൃശ്ശൂര്‍: ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. തലയ്‌ക്കേറ്റ ക്ഷതമാണ് ടി.ടി.ഇ. വിനോദ് കണ്ണന്റെ(48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ദേഹത്ത് ആഴത്തിലുള്ള ഒന്‍പത് മുറിവുകളുണ്ടായിരുന്നതായും രണ്ടുകാലുകളും അറ്റുപോയിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രെയിനില്‍നിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കില്‍വന്ന മറ്റൊരു ട്രെയിന്‍ കയറിയിറങ്ങിയെന്നാണ് നിഗമനം. ഇതാണ് കാലുകള്‍ അറ്റുപോകാനിടയായതെന്ന് കരുതുന്നു. മുറിവുകളില്‍നിന്ന് രക്തംവാര്‍ന്നിരുന്നതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ട്രെയിനില്‍നിന്ന് തള്ളിയിട്ടപ്പോഴാകാം തലയ്ക്ക് ക്ഷതമേറ്റതെന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിനോദിന്റെ മൃതദേഹം കൊച്ചി മഞ്ഞുമ്മലിലെ വീട്ടിലേക്ക് കൊണ്ടുപോയി. അതേസമയം, നേരത്തെ എറണാകുളത്തെ റെയില്‍വേസ്റ്റേഷനില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതിനാല്‍ ഇതൊഴിവാക്കിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം വെളപ്പായയില്‍വെച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടി.ടി.ഇ.യെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. 22643-എറണാകുളം-പട്ന സൂപ്പര്‍ ഫാസ്റ്റില്‍ എസ്-11 കോച്ചില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം.ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പ്രതി ടി.ടി.ഇ.യെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം അറിയാതെ ട്രെയിന്‍ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് മറ്റ് ടി.ടി.ഇ.മാരെത്തി പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പാലക്കാട്ട് റെയില്‍വേ പോലീസ് ഇയാളെ പിടികൂടി. സംഭവശേഷം ഇയാള്‍ യാത്രക്കാരോടും തട്ടിക്കയറിയിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.

Exit mobile version