Site icon Fourteen Kerala – 14 Kerala News

വിവാഹസംഘം സഞ്ചരിച്ച ബസ് വൈദ്യുതി ലൈനില്‍ തട്ടി കത്തി; പത്ത് പേര്‍ വെന്തുമരിച്ചു

ലഖ്‌നൗ: വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച്‌ പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്ബിയില്‍ തട്ടിയായിരുന്നു അപകടം.
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.

വൈദ്യുതി ലൈനില്‍ തട്ടിയതിന് പിന്നാലെ ബസിലേയ്‌ക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഇതിനാല്‍ യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് പുറത്തേയ്‌ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. തീ അണയ്‌ക്കാനുള്ള ശ്രമം ഏറെ നേരം നീണ്ടുനിന്നു. ആളിക്കത്തുന്ന തീയണയ്‌ക്കാൻ സമീപവാസികള്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തുകയും തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവ‍ർക്ക് 50000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്ത് എത്തിച്ചത്. രക്ഷപ്പെട്ടവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version