Site icon Fourteen Kerala – 14 Kerala News

‘മകളെ നിനക്ക് അച്ചൻ ഇല്ലാതാകും’: ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്തിന് വീട്ടില്‍ കയറി അജ്ഞാതന്റെ വധഭീഷണി; അതിക്രമിച്ച്‌ കയറിയത് മകള്‍ ഒറ്റയ്ക്കുള്ളപ്പോള്‍; ബേക്കല്‍ പൊലീസില്‍ പരാതി

കാസർകോട്: ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ കെ. ശ്രീകാന്തിന്റെ വീട്ടില്‍ അജ്ഞാതന്റെ അതിക്രമം.
ചൊവ്വാഴ്ച രാവിലെ തൃക്കണ്ണാട്ടെ വീട്ടില്‍ ശ്രീകാന്തും ഭാര്യയും ഇല്ലാത്ത സമയത്ത് എത്തിയ വ്യക്തിയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ശ്രീകാന്തിന്റെ മകളോട് നിനക്ക് അച്ഛൻ ഇല്ലാതാകാൻ പോകുന്നു എന്ന് വധഭീഷണി മുഴക്കിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിനും വധഭീഷണി മുഴക്കിയതിനും ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിനെതിരെ കാസർകോട്ട് വ്യാപക ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ പാർട്ടിതലത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. വിഷയം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കാസർകോട്ട് വന്ന് പോയതിന് പിന്നാലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

അതെ സമയം ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ കാരണം നേരത്തെ കാസർകോട്ടും, മഞ്ചേശ്വരത്തും, ഹൊസങ്കടിയിലും ശ്രീകാന്തിന് എതിരെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതും ഈ രീതിയില്‍ തന്നെയാകുമെന്നാണ് നവമാധ്യമങ്ങളില്‍ ചിലർ കൂട്ടിക്കെട്ടുന്നത്. എന്നാല്‍ വീട്ടില്‍ കയറിയുള്ള ഭീഷണിയെ ഗൗരവത്തോടെ തന്നെ കാണാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Exit mobile version