Site icon Fourteen Kerala – 14 Kerala News

നിര്‍ത്താതെ പാഞ്ഞ് കാർ, പിന്തുടർന്ന് എക്‌സൈസ്; 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

തൃശ്ശൂര്‍: പഴയന്നൂരില്‍ നൂറുഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. ആലുവ സ്വദേശികളായ നിധിന്‍ ജേക്കബ് (26) വിഷ്ണു കെ.ദാസ് (26) ഷാഫി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ തൃശ്ശൂര്‍ എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന്റെ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ. കടത്തിക്കൊണ്ടുവരുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയിലെ കുതിരാനില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ കാറിലെത്തിയത്.

എന്നാല്‍, എക്‌സൈസ് സംഘം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ വാഹനവുമായി പാഞ്ഞു. തുടര്‍ന്ന് എക്‌സൈസ് സംഘം കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് പഴയന്നൂരില്‍വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. തൃശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ എന്‍. സുദര്‍ശനകുമാറിന്‍റെ നേതൃത്വത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സോണി കെ. ദേവസ്സി, സി.ഇ.ഒ വി. എസ്.സുരേഷ് കുമാര്‍, അഫ്‌സല്‍, ഡ്രൈവര്‍ സംഗീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version