Site icon Fourteen Kerala – 14 Kerala News

കുസാറ്റ് ദുരന്തം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്; വി.സിയോട് റിപ്പോര്‍ട്ട് തേടി മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കുസാറ്റ് ദുരന്തത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. വൈസ് ചാന്‍സിലറോടും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും മന്ത്രി ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും.

മരിച്ച നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികള്‍ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോര്‍ട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുന്‍പായി മൃതദേഹങ്ങള്‍ വിട്ടു നല്‍കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുസാറ്റില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 38 ഓളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ഒരേ പരിക്ക്. കരള്‍, മസ്തിഷ്‌കം, ശ്വാസകോശം എന്നിവയ്ക്കാണ് കൂടുതല്‍ പരിക്കും. അതിനിടെ, പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 പേരില്‍ 16 പേര്‍ ആശുപത്രി വിട്ടു. 2 പേര്‍ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version