Site icon Fourteen Kerala – 14 Kerala News

ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി യുവാവ് പിടിയിൽ

കൊച്ചി: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി കൊച്ചിയിൽ പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് 37കാരനായ നാഗോൺ സ്വദേശി ഹാബിജുർ റഹ്മാൻ പിടിയിലായത്.

ഞാറക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈലിൽ നിന്ന് 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെടുത്തു. പി ഹണ്ടില്‍ നടന്ന പരിശോധനയിൽ മൂവാറ്റുപുഴയിൽ ഒരാൾക്കെതിരെ കേസെടുത്തു. റൂറൽ ജില്ലയിൽ ഏഴ് പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിവിധയിടങ്ങളില്‍ നിന്നായി ഒമ്പത് ഡിവൈസുകൾ കണ്ടെടുത്തു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്.

Exit mobile version