തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം തുടങ്ങി. ഇന്ന് അർധരാത്രിവരെയാണ് സമരം. പണിമുടക്ക് യാത്രക്കാരെ സാരമായി ബാധിക്കും.
പരമാവധി ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിർദേശം നൽകി. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്.
ഭാരിച്ച ദൈനംദിന ചെലവുകൾക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകൾ വ്യക്തമാക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി ബസ് ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി.
