Site icon Fourteen Kerala – 14 Kerala News

വ്യാപക മഴ; മണിയാർ, കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്‍റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെൻ്റീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടർ 15 സെൻ്റീമീറ്ററും രണ്ടാമത്തം ഷട്ടർ 90 സെന്‍റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറ‌ഞ്ച് അലർട്ട് ആണ്. കൊല്ലത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ടയിലും കുട്ടനാട് താലൂക്കിലും ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എം ജി, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും.

മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകി. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമാണ്. ഇടുക്കിയിലും കണ്ണൂരിലും രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

Exit mobile version