Site icon Fourteen Kerala – 14 Kerala News

കാര്‍ഗോയില്‍ കടത്തിയ 206 ഗ്രാം സ്വര്‍ണം പിടികൂടി; അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കിയ നിലയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും കാര്‍ഗോയില്‍ കടത്തിയ സ്വര്‍ണം പിടികൂടി. അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കി 206 ഗ്രാം സ്വര്‍ണമാണ് കടത്തിയത്. മലപ്പുറം സ്വദേശിനികളായ സജ്ന, സൈന എന്നിവരുടെ പേരിലാണ് പാഴ്സല്‍ എത്തിയത്. യുഎഇയില്‍നിന്ന് അബൂബക്കര്‍ എന്നയാളാണ് അയച്ചത്.

തുടർച്ചയായ രണ്ടാം ദിവസമാണ് നെടുമ്പാശേരിയിൽ കാര്‍ഗോയിലൂടെ കടത്തിയ സ്വര്‍ണം പിടികൂടുന്നത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന്റെ ഭാഗമായി ഇന്നു നടത്തിയ വിശദമായ പരിശോധനയിലാണ് ഏകദേശം 11 ലക്ഷത്തിലധികം വില വരുന്ന സ്വർണം കണ്ടെത്തിയത്. ബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്‌ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എക്സ്റേ പരിശോധനയിൽ അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയായിരുന്നു.

ഈന്തപ്പഴത്തിലെ കുരു കളഞ്ഞശേഷം ഒളിപ്പിച്ച നിലയിലായിരുന്നു ഇന്നലെ പിടികൂടിയ സ്വർണം. കൂടാതെ, പാൽപ്പൊടിയിലും സ്വർണമുണ്ടായിരുന്നു. കാർഗോ എത്തിയ മേൽവിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Exit mobile version