Site icon Fourteen Kerala – 14 Kerala News

കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി. ചിറയിൻകീഴ്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, വർക്കല, അഞ്ചുതെങ്, കൊട്ടിയം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തോപ്പിൽ പാലത്തിനു സമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ പൊടിയൻ മകൻ ഓട്ടോ ജയൻ എന്ന ജയനെ(42) ചിറയിൻകീഴ് പൊലീസ് പിടികൂടി.

കൊച്ചാലുമൂട് സ്വദേശി അനസിനെ വെട്ടിപരിക്കേല്പിച്ച കേസിലാണ് ഇയാളെ ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 11ന് വൈകിട്ട് അഞ്ചരയോടെ ജയന്റെ വീടിന് സമീപത്തു വച്ച് സുഹൃത്തുമായി സംസാരിച്ചു നിന്ന അനസിനെ അവിടെ വന്നത് എന്തിന് എന്ന് ചോദ്യം ചെയ്തു കൊണ്ടാണ് ജയൻ വെട്ടിയത് എന്ന് പൊലീസ് പറഞ്ഞു.

തലയ്ക്കും കൈക്കും പരിക്കേറ്റ അനസിനെ തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ ജയനെ ഇന്നലെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ചിറയിൻകീഴ് സി.ഐ ജി ബി. മുകേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version