Site icon Fourteen Kerala – 14 Kerala News

കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്.

കോവളം – മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപം അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കവയാണ് അപകടം നടന്നത്. ചീറിപ്പാഞ്ഞെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തില്‍ അമ്മയ്ക്ക് പരിക്കില്ല. അപകടത്തിന് ശേഷം ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് ശേഷമാണ് നാടിനെ വേദനയിലാഴ്ത്തിയ അപകടം നടന്നത്. അമ്മയ്ക്കൊപ്പം കടയിൽ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ബൈപാസ് മുറിച്ചു കടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അമിതവേഗതയിലെത്തിയ ബൈക്ക് വന്ന് കുട്ടിയെ ഇടിക്കുന്നത്. നിമിഷ വേഗത്തിൽ അമ്മയുടെ കൈ മകന്റെ പിടിവിട്ടു പോയി.

എന്തു സംഭവിച്ചുവെന്നറിയാതെ അമ്മ ഭയന്നു. നാട്ടുകാർ ഓടി കൂടി നോക്കിയപ്പോൾ കുറേ ദൂരത്ത് മകൻ കിടക്കുന്നതാണ് കണ്ടത്. സംഭവ സ്ഥലത്തു നിന്നും അപകടത്തിനിടയാക്കിയ ബൈക്കിന്‍റേതെന്നു കരുതുന്ന ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു.

വാഹനം കണ്ടെത്താൻ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കും. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാന്‍റെ സഹോദരൻ യശ്വന്ത്. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version