Site icon Fourteen Kerala – 14 Kerala News

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യ ആസൂത്രകന്‍ എം.ശിവശങ്കര്‍; ജാമ്യാപേക്ഷ തള്ളണമെന്ന് ഇ.ഡി

എറണാകുളം: ലൈഫ് മിഷന്‍ അഴിമതിയിലെ മുഖ്യ ആസൂത്രകന്‍ എം.ശിവശങ്കറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ ഇ.ഡിയുടെ വാദം പൂര്‍ത്തിയായി. ഹര്‍ജിക്കാരന്റെ മറുപടി വാദത്തിനായാണ് ജാമ്യാപേക്ഷ ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ഇ ഡി കോടതിയില്‍ അറിയിച്ചത്.

സ്വപ്നയുടെയുള്‍പ്പെടെ വാട്ട്സാപ്പ് ചാറ്റുകളും സന്തോഷ് ഈപ്പന്റയടക്കമുള്ള ബാങ്ക് ഇടപാടുകളും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേടില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ല എന്നായിരുന്നു ശിവശങ്കറിന്റെ ആദ്യ വാദമെന്നും ഇഡി വാദത്തിനിടെ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സഹകരിക്കാതെയായി. അഴിമതിയിലൂടെ ലഭിച്ച പണം ഡോളറാക്കി കടത്തി എന്നാണ് കേസ്.

വിദേശ സംഭാവന നിയന്ത്രണ ചട്ടവും കള്ളപ്പണം തടയല്‍ നിയമ പ്രകാരവും ഇ.ഡിയ്ക്ക് സ്വതന്ത്രമായി അന്വേഷണം നടത്താമെന്നും സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വീണ്ടും ശിവശങ്കര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടേക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ബാധിക്കുന്ന കുറ്റകൃത്യമാണ് കള്ളപ്പണം വെളുപ്പിക്കലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ.ഡി വാദിച്ചു.

Exit mobile version