Site icon Fourteen Kerala – 14 Kerala News

വാഹന പരിശോധനയിൽ നിരോധിത ഇന്ത്യൻ കറൻസികൾ പിടികൂടി

കാസർകോട്: ആനക്കൊമ്പ് വിൽപ്പന നടത്തുന്നുണ്ടെന്ന് പരാതിയെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ നിരോധിത ഇന്ത്യൻ കറൻസികൾ പിടികൂടി. ഉദുമ പാലക്കുന്ന് സ്വദേശി തെക്കേക്കര വീട്ടിൽ നാരായണൻ ആണ് പിടിയിലായത്. പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടർ അന്വേഷണത്തിനായി മേൽപറമ്പ പോലീസിന് കൈമാറി.

ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 1000 രൂപയുടെ 88 നിരോധിത നോട്ടുകളും 500ന്റെ 82 നിരോധിത നോട്ടുകളും കണ്ടെത്തി. നാരായണൻ സഞ്ചരിച്ചിരുന്ന മാരുതി ഓൾട്ടോ കാർ അധികൃതർ കസ്റ്റഡിയിലെടുത്തു. കാസർകോട് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വ്യാപകമായി നിരോധിത നോട്ടുകൾ ഉണ്ടെന്നും ഈ നോട്ടുകൾ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തി കൊണ്ട് പോകുന്നുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് വനം വകുപ്പ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി പാലക്കു സംസ്ഥാനപാതയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നാരായണന്റെ കാർ പരിശോധിച്ചത്. പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടർ നടപടിയുടെ ഭാഗമായി മേൽപറബ് പോലീസിന് കൈമാറി.

കണ്ണൂർ എസ്ഐ. പി. വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്റർ വി. രാജൻ, കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ വി. രതീശൻ, ശ്രീജിത്ത് എ.പി, കെ. ഷാജീവ്, ബിജുമോൻ കെ. ഇ, ഡെപ്യൂട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ തുടങ്ങിയവരാണ് വാഹന പരിശോധനയ്ക്ക് ഉദുമയിൽ എത്തിയത്.

Exit mobile version