Site icon Fourteen Kerala – 14 Kerala News

പ്രണയത്തില്‍ നിന്ന് പിന്മാറി; പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി റിമാന്‍ഡില്‍

തിരുവനന്തപുരം: പ്രണയത്തില്‍ നിന്ന് പിന്മാറിയ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പള്ളിക്കല്‍ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടില്‍ ഗോപു(20)വിനെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. സുഹൃത്തായ വര്‍ക്കല സ്വദേശിനി തെറ്റിക്കുളം കുളക്കോട്ടി പൊയ്ക സംഗീത നിവാസിലെ സംഗീത(17)യേയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

സംഗീതയുടെ വീടിനു സമീപത്ത് വെച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഗീതയും ഗോപുവും തമ്മില്‍ മാസങ്ങളോളം അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ പറ്റി സംഗീതയുടെ വീട്ടുകാര്‍ അറിഞ്ഞ് ഇടപെട്ടതോടെയാണ് സംഗീത ഗോപുവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്നുള്ള വൈരാഗ്യമായിരുന്നു കൊലപാതകം നടത്താന്‍ കാരണം.

സംഗീതയെ ഫോണില്‍ വിളിച്ച് വീടിനു സമീപത്തുളള ഇടവഴിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈയ്യില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്തു. സംഗീതയുടെ ശബ്ദം കേട്ടതോടെ അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും വളരെ ആഴത്തിലുള്ള മുറിവായതുകൊണ്ടുതന്നെ ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചു.

Exit mobile version