Site icon Fourteen Kerala – 14 Kerala News

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക; 165 വിദ്യാലയങ്ങളിലേക്ക് കൂടി; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേയ്ക്കും  വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി 165 സ്കൂളുകളില്‍കൂടി വ്യാപിപ്പിക്കുന്നതിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതോടെ സംസ്ഥാനത്തെ 968 സ്കൂളുകളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി പ്രാവര്‍ത്തികമായതായി മുഖ്യമന്ത്രി അറിയിച്ചു. പടിപടിയായി എല്ലാ സ്കൂളുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2010ല്‍ 100 സ്കൂളുകളില്‍ ആദ്യമായി ആരംഭിച്ച പദ്ധതി ഇപ്പോള്‍ 1000 സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിച്ചത് വന്‍ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് നല്‍കുന്ന സംഭാവനകളെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മൊഹമ്മദ് ഹനീഷ്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ ബാബു, എക്സൈസ് വിജിലന്‍സ് എസ്.പി കെ.മുഹമ്മദ് ഷാഫി എന്നിവര്‍ പങ്കെടുത്തു.

Exit mobile version