Site icon Fourteen Kerala – 14 Kerala News

ഡ്രൈവിങ്ങിനിടെ അപസ്മാരം: നിയന്ത്രണംവിട്ട വാൻ ഓട്ടോയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി

തൃശൂര്‍: നിയന്ത്രണംവിട്ട വാന്‍ രണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. ആളപായമില്ല. വെള്ളിയാഴ്ച രാവിലെ ഹൈറോഡില്‍ അഞ്ചുവിളക്കിന് സമീപമാണ് അപകടം. ഹൈറോഡില്‍ നിന്ന് സ്വരാജ് റൗണ്ടിലേക്ക് വന്നിരുന്ന ചിപ്‌സ് കൊണ്ടുപോകുന്ന വണ്ടിയിലെ ഡ്രൈവര്‍ക്ക് അപസ്മാരം ബാധിച്ചതോടെയാണ് നിയന്ത്രണംവിട്ടത്.

അഞ്ചുവിളക്കിന് സമീപത്തെ സ്റ്റാൻഡിലെ രണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം നാലുംകൂടിയ ജങ്ഷനിലെ ബാഗ് ബസാറെന്ന കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. അതേസമയം, അപസ്മാരം മൂര്‍ച്ഛിച്ച് കുഴഞ്ഞനിലയിലായിരുന്നു ഡ്രൈവര്‍.

ഉടന്‍തന്നെ ജില്ല ആശുപത്രിയിലേക്ക് ഇയാളെ മാറ്റി. അപകടം നടക്കുമ്പോള്‍ ബാഗ് ബസാറില്‍ ഉണ്ടായിരുന്ന സെയില്‍സ്മാന്‍ പുറത്തേക്കിറങ്ങി നില്‍ക്കുകയായിരുന്നതിനാൽ അപായമുണ്ടായില്ല. നിരവധി വാഹനങ്ങള്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലേക്കും മറ്റും ഇടതടവില്ലാതെ പോകുന്ന സ്ഥലത്താണ് അപകടം സംഭവിച്ചതെങ്കിലും അപകടസമയത്ത് മറ്റു വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതും ആശ്വാസകരമായി.

പാലക്കാട് സ്വദേശി ഷൗക്കത്തിന്റെതാണ് തകര്‍ന്ന കട. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കടയില്‍ നിന്ന് വാഹനം എടുത്തുമാറ്റി. റാഫേല്‍, ആന്റു എന്നിവരുടേതാണ് തകര്‍ന്ന ഓട്ടോറിക്ഷ. കടക്കുള്ളിലെ നിരവധി ബാഗുകളും മറ്റും നശിച്ചിട്ടുണ്ട്

Exit mobile version