Site icon Fourteen Kerala – 14 Kerala News

വീട്ടിലെ സ്വീകരണ മുറിയിൽ കഞ്ചാവ് ചെടി വളർത്തൽ; പട്ടിമറ്റത്ത് യുവാവ് അറസ്റ്റിൽ

എറണാകുളം : പട്ടിമറ്റത്ത് വീട്ടിലെ സ്വീകരണ മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്‌സൺ ആണ് കഞ്ചാവ് ചെടി വളർത്തിയതിന് അറസ്റ്റിലായത്. ചെടിക്ക് സൂര്യ പ്രകാശം ലഭിക്കാനായി പകൽ കൃത്യമായ ഇടവേളകളിൽ ജനലിനടുത്തേക്ക് നീക്കി വച്ച് പരിചരിച്ചിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.

ഇയാൾക്കെതിരെ നാട്ടുകാ‍ർ നിരന്തരം നൽകിയ പരാതികൾക്കൊടുവിലായിരുന്നു പൊലീസ് പരിശോധന. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്.

വീട്ടിലെ സ്വീകരണ മുറിയിൽ രണ്ട് ചെടിചട്ടികളിലായാണ് ജെയ്സൺ ക‍ഞ്ചാവ് ചെടി നട്ട് വളർത്തിയിരുന്നത്. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊടിക്കാനുള്ള ഉപകരണവും തൂക്കം നോക്കാനുള്ള ത്രാസും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിന് പുറമേ യുവാവിന് കഞ്ചാവ് വിൽപ്പന ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധവയിൽ 16 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 63 ഉം 46ഉം സെന്‍റി മീറ്റർ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക്.

Exit mobile version