Site icon Fourteen Kerala – 14 Kerala News

പടന്ന യുപി സ്കൂളിൽ അധ്യാപകൻ വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചെന്ന് പരാതി,നിഷേധിച്ച് സ്കൂൾ,പൊലീസന്വേഷണം തുടങ്ങി

കാസര്‍കോട്: കാസർകോട് പടന്ന സർക്കാർ യു പി സ്കൂളിലെ അധ്യാപകന്‍‍ വിദ്യാര്‍ഥിനിയെ ക്ലാസിൽ വച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചു എന്നുമാണ് പരാതി. പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 19 നാണ് പടന്ന സർക്കാർ യു പി സ്കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ആണ് മർദനമേറ്റത്. കണക്ക് തെറ്റിച്ചതിന് അധ്യാപകന്‍ മനോജ് മര്‍ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.

കുട്ടിക്ക് കഴുത്തിന് കടുത്ത വേദന ഉണ്ട് . ഒപ്പം പനിയും ഛര്‍ദിയും. ഇപ്പോഴും കഴുത്തിന്‍റെ വേദന മാറിയിട്ടില്ലെന്ന് 12 വയസുകാരിയായ വിദ്യാർഥി പറയുന്നു.

അധ്യാപകനെ സ്ഥലം മാറ്റാമെന്ന മധ്യസ്ഥരുടെ ഉറപ്പില്‍ പൊലീസില്‍ പരാതി നല്‍കിയില്ലെന്നും നടപടിയുണ്ടാകാത്തതിനാല്‍ പിന്നീട് ബാലാവകാശ കമ്മീഷനിലും പൊലീസിലും പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ അധ്യാപകൻ ഇപ്പോൾ മെഡിക്കല്‍ ലീവിലാണ്. അധ്യാപകന്‍ മര്‍ദിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

വീണ്ടും ആ സ്കൂളിലേക്ക് പോകാന്‍ പേടിയാണെന്ന് വിദ്യാര്‍ഥിനി പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് ടി സി വാങ്ങി മറ്റൊരു സ്കൂളില്‍ ചേര്‍ത്തു.അധ്യാപകനെതിരെ കര്‍ശന നടപടി വേണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.

Exit mobile version