അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചുമില്ല; സഹായിക്കാൻ ഇറങ്ങിയ യുവാക്കളെ വഴിയിലിട്ട് കെഎസ്ആർടിസി ബസ് സ്ഥലം വിട്ടു; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
മുക്കം: റോഡിൽ അപകടത്തിൽപ്പെട്ട് കിടക്കുന്ന ആളെ കണ്ട് ബസ് നിർത്താനും, നിസാര പരിക്കുകളാണെങ്കിൽ ബസിൽ തന്നെ ആശുപത്രിയിൽ എത്തിക്കാനും ആവശ്യപ്പെട്ട് പുറത്തിറങ്ങിയ സന്നദ്ധ പ്രവർത്തകരുടെ ബാഗുമായി കെഎസ്ആർടിസി ബസ് സ്ഥലം വിട്ടതായി പരാതി.
തൊടുപുഴയിൽ നിന്നും -മുത്തപ്പൻ പുഴയിലേക്ക് സർവീസ് നടത്തുന്ന RPA 322 (KL 15 A 1041) നമ്പർ ബസ്സിലെ ജീവനക്കാരാണ് കണ്ണിൽ ചോരയില്ലാത്ത പണി കാണിച്ചത്. ഇന്നലെ രാത്രി മേൽ പറഞ്ഞ ബസ്സിൽ കോഴിക്കോട് നിന്നും ഓമശ്ശേരിയിലേക്ക് യാത്ര ചെയ്ത സന്നദ്ധ പ്രവർത്തകരായ യുവാക്കൾക്കാണ് ദുരനുഭവം.
രാത്രി 12.35 ഓടെ ബസ്സ് മണാശ്ശേരി സ്കൂൾ കഴിഞ്ഞതിനു ശേഷം ഒരു ബൈക്ക് അപകടത്തിൽപ്പെട്ട് യാത്രികൻ റോഡിൽ വീണ് കിടക്കുന്നത് യുവാക്കൾ കണ്ടത്. മുന്നോട്ട് നീങ്ങിയ ബസ് നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട് ,പരിക്ക് നിസാരമെങ്കിൽ ഈ ബസ്സിൽ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് മാത്രമല്ല തങ്ങളുടെ ബാഗുമായി ബസ്സ് സ്ഥലം വിട്ടുവെന്ന് യുവാക്കൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബേബി പെരുമാലിയിൽ പിന്നീട് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു..
യാത്രക്കാരനായ ജംഷീറിൻ്റെ കുറിപ്പ് താഴെ
പ്രിയ സുഹൃത്ത് പ്രജീഷിന് അവാർഡ് വാങ്ങാൻ വേണ്ടി കാസർകോട് പോയി തിരിച്ചു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നു തൊടുപുഴ ഡിപ്പോയിൽ നിന്നും വരുന്ന മുത്തപ്പൻപുഴ ബസ്സിൽ ഞങ്ങൾ നാലുപേർ കയറി.
ഏകദേശം മണാശേരി സ്കൂൾ കഴിഞ്ഞ ഉടനെ ഒരു ബൈക്ക് ആക്സിഡന്റിൽ പെട്ടു കിടക്കുന്നു.ഒരാൾ റോഡിൽ കിടക്കുന്നു ഏകദേശം സമയം 12.35 ആരുംഎടുക്കുന്നില്ല ബസ് മുന്നോട്ടു നീങ്ങുന്നു ഞങ്ങൾ ഡ്രൈവറോട് പറഞ്ഞു. നിർത്താൻ ഇറങ്ങുന്നതിനു മുൻപ് ഡ്രൈവറോട് ഞങ്ങൾ പറഞ്ഞു.
അയാൾക്ക് ചെറിയ പരിക്ക് ആണെങ്കിൽ നമുക്ക് ഈ ബസ്സിൽ കയറ്റി അടുത്ത ഹോസ്പിറ്റലിൽ ഇറക്കാം ഞങ്ങൾ ഒന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞു ഞങ്ങൾ നാലുപേർ ബസ്സിൽ നിന്നും ഇറങ്ങി. ഞങ്ങളുടെ ബാഗ് അടക്കം ബസ്സിൽ വച്ചാണ് ഇറങ്ങിയത് അയാളുടെ സമീപത്ത് എത്തിയപ്പോൾ തന്നെ ബസ് പോയി.
ഞങ്ങളുടെ ബാഗ് അടക്കം അതിലാണുള്ളത് മനുഷ്യത്വമില്ലാത്ത ജീവനക്കാർ ആക്സിഡണ്ട് പറ്റിയ വ്യക്തിക്ക് മാരകമായ മുറിവ് കാലിൽ ഉണ്ട് ചെറിയ വാഹനത്തിൽ ഒന്നും കയറ്റാൻ സാധിക്കില്ല ഒരു കൈക്കും നല്ല പരിക്കുണ്ട് ഞങ്ങൾ വരുന്നതിന് 10 മിനിറ്റ് മുൻപ് ആക്സിഡൻറ് സംഭവിച്ചിട്ടുണ്ട്.
ഞങ്ങൾ വന്ന ശേഷം 10 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് എത്തിയത് അയാളെ സ്ട്രെച്ചറിൽ ആംബുലൻസിൽ കയറ്റി കെഎംസിറ്റി ഹോസ്പിറ്റലിൽ എത്തിച്ച സമയത്ത് അയാൾക്ക് അറ്റാക്ക് ഉണ്ടാവുക യും അതുവരെ ഞങ്ങളോട് സംസാരിച്ചിരുന്ന വ്യക്തി പെട്ടെന്ന് മരണത്തിലേക്ക് വഴുതിവീണു.
വല്ലാത്തൊരു വിങ്ങൽ മനസ്സിന്..അവിടെനിന്നും നേരെ പോയത് തിരുവമ്പാടി ഡിപ്പോയിലേക്ക്. ഏകദേശം7 മണിക്ക് ബസ്സ് തിരുവമ്പാടി. ഞങ്ങളുടെ ബാഗ് വാങ്ങി കണ്ടക്ടറോട് കാര്യം പറഞ്ഞപ്പോൾ അയാൾക്ക് ഉത്തരവാദിത്വമില്ല.
ഡ്രൈവറാണ് വണ്ടിയെടുത്ത് എന്ന് പറഞ്ഞു ഡ്രൈവറോട് ചോദിച്ചപ്പോൾ നിങ്ങൾ എന്നോട് അവിടെ കാത്തിരിക്കാൻ പറഞ്ഞില്ല എന്ന് പറഞ്ഞ് തർക്കിക്കുന്നു. നാളെ ഇയാൾക്ക് ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ച് ഞങ്ങൾ അവിടെ നിന്നും തിരികെ പോന്നു.