Site icon Fourteen Kerala – 14 Kerala News

ഐപിഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി, പ്രധാന നഗരങ്ങളിലെ ഡിസിപി മാരെ  മാറ്റി, മരം മുറി അന്വേഷണ ഉദ്യോഗസ്ഥനും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഡി സി പി മാരെ മാറ്റി. ഒപ്പം തന്നെ മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയുള്ള അഴിച്ചുപണിയാണ് ഇക്കുറി നടന്നിരിക്കുന്നത്. തിരുവനന്തപുരം ഡി സി പിയെ മാറ്റി അജിത് കുമാർ ഐ പി എസിനെ പുതിയ ഡി സി പിയായി നിയമിച്ചു. അംഗിത് അശോകനെയാണ് മാറ്റിയത്. ഡോ. ശ്രീനിവാസാണ് കോഴിക്കോട് പുതിയ ഡി സി പിയാകുക. കൊച്ചിയിൽ ശശിധരൻ ഐ പി എസാകും പുതിയ ഡി സി പി. മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുണ്ട്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി സന്തോഷ് കുമാ‍ർ കെ വി യെയാണ് മാറ്റിയത്.

ഇക്കഴിഞ്ഞ എട്ടാം തിയതി സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടന്നിരുന്നു. പൊലീസ് ആസ്ഥാനത്തെ അഡീഷണൽ ഡയറക്ടറായിരുന്ന എ ഡി ജി പി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായി അന്ന് നിയമിച്ചിരുന്നു. ഇതടക്കം സംസ്ഥാനത്തെ പൊലീസ് സേനയിൽ വലിയ അഴിച്ചുപണിയാണ് അന്ന് നടത്തിയത്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമർശനം ഉയരുന്നതിനിടെയാണ് അഴിച്ചുപണിയെന്നത് ശ്രദ്ധേയമാണ്.

ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം അന്ന് മാറ്റം വരുത്തിയിരുന്നു. കെ. പത്മകുമാറിനെയാണ് പുതിയ പൊലിസ് ആസ്ഥാന എ ഡി ജി പി ആക്കിയത്. എ ഡി ജി പി യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡിയായി നിയമിച്ചിരുന്നു. എം ആർ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എ ഡി ജി പി യായി മാറ്റുകയും ചെയ്തിരുന്നു. ഉത്തരമേഖലാ ഐ ജിയായി ടി വിക്രമിന് ചുമതല നൽകി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയിരുന്നത്. ഐ ജി അശോക് യാദവിനെ അന്ന് സെക്യൂരിറ്റി ഐ ജിയായി മാറ്റുകയും ചെയ്തിരുന്നു.

Exit mobile version