Site icon Fourteen Kerala – 14 Kerala News

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: ഒരാൾ കൂടി പിടിയിൽ; മൂന്നിരട്ടി ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ

കൊച്ചി: ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി വിനോദാണ് പൊലീസ്  പിടിയിലായത്. ക്രിപ്റ്റോ കറൻസിയില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപത്തുകയുടെ  മൂന്നിരട്ടി തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. അല്ലപ്ര, ഇരിങ്ങോൾ സ്വദേശികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിനോദ് തട്ടിയെടുത്തെന്നാണ് പരാതി. 

വിനോദ് ആവശ്യപെട്ടത് പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും പിന്നീട് തുക തിരികെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് ഇവര്‍ പോലീസിൽ പരാതി നൽകിയത്. യു കെ ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യയിലെ ഫസ്റ്റ് പ്രമോട്ടർ കം ചെയർമാൻ ആണെന്ന് പരിചയപ്പെടുത്തിയാണ് വിനോദ് പണം നിക്ഷേപമായി സ്വീകരിച്ചത്.

വിവിധ സ്ഥലങ്ങളിൽ ബിസിനസ് മീറ്റ് നടത്തിയാണ് വിനോദ് നിരവധി പേരിൽ നിന്നും പണം വാങ്ങിയത്. സമാനമായ രീതിയിൽ പാലാ, ഏറ്റുമാനൂർ ,കോട്ടപ്പടി, പൊലീസ് സ്റ്റേഷനുകളിലും വിനോദിനെതിരെ  പണം തട്ടിപ്പില്‍ കേസുകളുണ്ട്. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിന്‍റെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്നിട്ടുള്ളത്. 

കേരളത്തിന് പുറമേ തമിഴ്നാട്,കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട്. കേസില്‍ നിരവധി പേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന നിലമ്പൂര്‍  പൂക്കോട്ടുപാടം സ്വദേശി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

Exit mobile version