Site icon Fourteen Kerala – 14 Kerala News

തദ്ദേശ തെരഞ്ഞെടുപ്പ് :ചെലവ് കണക്കു നൽകാത്ത 9202 അംഗങ്ങള്‍ അയോഗ്യത ഭീഷണിയില്‍,10 ദിവസത്തിനകം കണക്ക് നല്‍കണം

തിരുവനന്തപുരം;തദ്ദേശ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ നൽകാത്ത സ്ഥാനാർത്ഥികളുടെ അംഗത്വം റദ്ദാക്കാൻ നടപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. പത്ത് ദിവസത്തിനകം കണക്ക് നൽകിയില്ലെങ്കിൽ അഞ്ച് വർ‍ഷത്തേക്ക് മത്സര വിലക്കുമുണ്ടാകും. ചെലവ് കണക്ക് സമർപ്പിക്കാത്തതോ പരിധിയിൽ കൂടുതൽ ചെലവഴിച്ചതോ ആയ 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

2020 ഡിസംബറിലായിരുന്നു പൊതുതിരഞ്ഞെടുപ്പ്.. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകേണ്ടിയിരുന്നത്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 33, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 89 എന്നീ വകുപ്പുകൾ പ്രകാരമാണ് അയോഗ്യരാക്കുന്നത്. പഞ്ചായത്തുകളിലെ 7461, മുനിസിപ്പാലിറ്റികളിലെ 1297, കോർപ്പറേഷനുകളിലെ 444 സ്ഥാനാർത്ഥികളുമാണ് കരട് ലിസ്റ്റിലുള്ളത്.

ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും ഒന്നരലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും പഞ്ചായത്തിൽ 25,000 രൂപ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക.

Exit mobile version