Site icon Fourteen Kerala – 14 Kerala News

ഗൂഢാലോചന കേസ്: അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്‍ന, ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

കൊച്ചി: കെ.ടി.ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ സ്വപ്‍ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ രണ്ടു തവണ ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന‍യ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇഡി ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടി സ്വപ്‍ന ഹാജരായിരുന്നില്ല. അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്‍ന മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന കേസിൽ സ്വപ്‍ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റുണ്ടായേക്കും എന്ന അഭ്യൂഹങ്ങളോടാണ് സ്വപ്‍ന പ്രതികരിച്ചത്. 

ഇതിനിടെ, 164 മൊഴി പിൻവലിക്കാൻ ഇടപെട്ടു എന്ന് സ്വപ്‍ന ആരോപിക്കുന്ന ഷാജ് കിരൺ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാ‍ജരായി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറുമെന്ന് ഷാജ് കിരൺ പറഞ്ഞു. അനധികൃതമായി ഒന്നും നേടിയിട്ടില്ല. ക്രൈംബ്രാഞ്ചിനോട് പറഞ്ഞ‌ത് ഇഡിയോടും പറയും. തന്റെ ഫോൺ ക്രൈംബ്രാ‍ഞ്ചിന് കൈമാറിയതായും ഷാജ് കിരൺ പറഞ്ഞു. സ്വപ്‍നയ്ക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഷാജ് കിരൺ പറഞ്ഞു. സുഹൃത്തായ ഇബ്രായിക്ക് ഒപ്പമാണ് ഷാജ് കിരൺ എത്തിയത്. ഫോണിൽ വിളിച്ച് ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഇബ്രായി പറഞ്ഞു. ഇബ്രായിക്ക് എല്ലാം അറിയാമെന്ന് ഷാജ് കിരൺ നേരത്തെ പറഞ്ഞിരുന്നു.

Exit mobile version