Site icon Fourteen Kerala – 14 Kerala News

ട്രെയിനിലെ അതിക്രമം: പ്രതികളെ പിടിക്കാതെ പൊലീസ്; കോടതിയെ സമീപിക്കാനൊരുങ്ങി പെൺകുട്ടിയുടെ അച്ഛൻ

തൃശൂർ : ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിൽ മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ ആകാതെ പൊലീസ്. നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് കുട്ടിയുടെ അച്ഛന്റെ തീരുമാനം. സംഭവത്തിൽ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിക്കുന്നത്. മൂന്ന് പേരും തൃശൂർ സ്വദേശികളാണെന്നും ഇവർ നിലവിൽ ഒളിവിൽ ആണെന്നും പോലീസ് പറയുന്നു. ഇവരുടെ പേര് വിവരങ്ങളും പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല.  

സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും പൊലീസ് പിടികൂടാത്തത്തിൽ പ്രതിഷേധിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് മുതൽ കുടുംബത്തിനൊപ്പം സമരം തുടങ്ങാനാണ് കുട്ടിയുടെ അച്ഛന്റെ തീരുമാനം. കേസ് ഏറ്റെടുത്ത എറണാകുളം റെയിൽവേ പൊലീസ് ഇന്നലെ തൃശൂരിലെത്തി കുട്ടിയുടേയും അച്ഛ്നറെയും മൊഴി രേഖപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമാണ് പരാതി. മദ്യപിച്ച 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് കുട്ടിയോട് മോശമായി പെരുമാറിയത്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടിയും കുടുംബവും നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും ആ സമയത്ത് പൊലീസിനെ അറിയിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തിൽ തൃശൂർ റയിൽവേ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശി ഫാസിലിനും  മർദ്ദനമേറ്റിരുന്നു. 

Exit mobile version