Site icon Fourteen Kerala – 14 Kerala News

കാലവർഷം കനത്തേക്കും, ഒപ്പം ഇടിമിന്നലും; 14 ജില്ലകളിലും യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാലവ‍ർഷം കനത്തേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അല‍ർട്ടാണ്. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും (trough) അറബികടലിൽ പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള സാധ്യത വർധിപ്പിച്ചത്. നേരത്തെ കേരളത്തിൽ ജൂൺ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മത്സ്യതൊഴിലാളികൾ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 21ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.

കേരള – കർണാടക തീരങ്ങളിൽ 18-06-2022 മുതൽ  21-06-2022 വരെയും, ലക്ഷദ്വീപ് തീരത്ത് 17-06-2022 മുതൽ 21-06-2022 വരെയും  മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രസ്തുത ദിവസങ്ങളിൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ   മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Exit mobile version