Site icon Fourteen Kerala – 14 Kerala News

മെട്രോ മുട്ടം യാർഡിലെ ‘ഭീഷണി സന്ദേശം’: യുഎപിഎ ചുമത്തില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണർ

കൊച്ചി: മെട്രോ മുട്ട൦ യാ൪ഡിലെ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട കേസിൽ യുഎപിഎ ചുമത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. വിധ്വംസക ഉദ്ദേശത്തോടെ ശല്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളത്. മെട്രോ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമിച്ച് കയറി പൊതു മുതൽ നശിപ്പിച്ചതിനാണ് നിലവിൽ കേസെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ മൂന്ന് പേരെ വരെ സംശയിക്കുന്നതായി കമ്മീഷണർ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും മെട്രോ സ്റ്റേഷനിലുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നും വ്യക്തമാക്കി. പലതലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രതികൾ എങ്ങനെ മറികടന്നുവെന്നത് പൊലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയില്‍ ഭീഷണി സന്ദേശം എഴുതിയത് രണ്ട് പേരാണെന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. വലിയ സുരക്ഷയുള്ള മേഖലയില്‍ പട്ടാപ്പകല്‍ അര മണിക്കൂറോളം ചിലവിട്ടാണ് ഇവര്‍ സ്പ്രേ പെയിന്‍റ് കൊണ്ട് എഴുതിയത്. പ്രതികളുടെ  ദൃശ്യം സിസിടിവിയില്‍  പതിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയാൻ കഴിയുന്ന വിധത്തില്‍ വ്യക്തമല്ലാത്തത് പൊലീസിനെ പ്രതിസന്ധിയിലാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ മുട്ടം യാർഡിലെ പമ്പ മെട്രോ ട്രെയിൻ ബോഗിയില്‍ ഗ്രാഫിറ്റി രൂപത്തില്‍  ഭീഷണി സന്ദേശം കണ്ടെത്തിയത്. ‘ബേൺ’ എന്ന് വലിയ അക്ഷരത്തിലും ‘ഫസ്റ്റ് ഹിറ്റ് ഇൻ കൊച്ചി’യെന്ന് ചെറിയ അക്ഷരത്തിലുമാണ് എഴുതി വച്ചിട്ടുള്ളത്. കൊച്ചി മെട്രോ കോര്‍പ്പറേഷന്‍റെ പരാതിയിലാണ് പൊലീസ്  കേസെടുത്തിട്ടുള്ളത്. അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറിയതില്‍ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് ബന്ധമുണ്ടോയെന്നടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. 

സംഭവത്തിൽ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങി. ഈ വര്‍ഷം റിലീസ് ചെയ്ത യുഎസ് ക്രൈം ത്രില്ലര്‍ സിനിമ ‘ബേണി’ന്‍റെ പരസ്യം പോലെയാണു ഗ്രാഫിറ്റി എഴുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭീഷണിസന്ദേശത്തെ  മുന്നറിയിപ്പെന്ന നിലയില്‍ കണ്ട് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്. 

Exit mobile version