Site icon Fourteen Kerala – 14 Kerala News

നടിയെ ആക്രമിച്ച കേസ്;നാലാം പ്രതി വിജീഷിന് ജാമ്യം,ഇനി ജയിലിൽ കഴിയുന്നത് പൾസർ സുനി മാത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ മാത്രമാണ് ഇനി ജയിലിൽ കഴിയുന്നത്. അതേസമയം, പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 

വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് വാദിച്ചത്. കേസിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ പൾസർ സുനിയോടൊപ്പം അത്താണി മുതൽ വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

അതേസമയം, പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സാഗർ വിൻസന്റ് ഹർജി നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ആലപ്പുഴ സ്വദേശിയാണ്‌ സാഗർ വിൻസന്റ്. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിൾ ബഞ്ചാണ് വിധി പറയുക.

Exit mobile version