Site icon Fourteen Kerala – 14 Kerala News

270 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: നാഗര്‍കോവിലില്‍ 270 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം മിതൃമ്മല തനിമൂട് സ്വദേശി ബാബു സുധീഷ് (33), പാറക്കോട്ടുകോണം സ്വദേശി വിനു (49) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

കന്നുമാമൂട്ടിലെ ഗോഡൗണില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

പ്രതികളില്‍ നിന്ന് 270 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 5 മൊബൈല്‍ഫോണുകളും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. പളുകല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Exit mobile version