Site icon Fourteen Kerala – 14 Kerala News

ടിപ്പറിടിച്ച് കുതിരാനിലെ ക്യാമറകളും ലൈറ്റുകളും നശിച്ചിട്ട് ഒരു മാസം, ഇനിയും പുനസ്ഥാപിച്ചില്ല, പ്രതിഷേധം

തൃശൂര്‍: കുതിരാൻ തുരങ്കത്തില്‍ ടിപ്പര്‍ ലോറിയിടിച്ച് നശിച്ച സിസിടിവി ക്യാമറകളും ലൈറ്റുകളും ഒരു മാസം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ല. തുരങ്കത്തിന്റെ പ്രവേശകവാടത്തിനോട് ചേര്‍ന്നുളള ഭാഗത്ത് ക്യാമറകളില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം 20 നാണ് പാലക്കാട് നിന്നും തൃശൂരിലേക്കുളള തുരങ്ക മുഖത്ത് അപകടം ഉണ്ടായത്. പിൻഭാഗം ഉയർത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ലൈറ്റുകളും ക്യാമറയും തകർക്കുകയായിരുന്നു. 104 എൽ ഇ ഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും സെൻസറുകളും അന്ന് നശിച്ചു. ഇതോടെ തുരങ്കത്തിന്റെ ഒരു ഭാഗത്തെ 90 മീറ്ററോളം ദൂരത്ത് വെളിച്ചമില്ലാതായി.

എന്നാല്‍ അപകടം സംഭവിച്ച് ഒരു മാസം പിന്നിട്ടിട്ടും ഇവയൊന്നും പുനസ്ഥാപിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുതിയ ലൈറ്റുകൾക്ക് ഓർഡർ നൽകിയതായും ഇത് ലഭിക്കാൻ മാസങ്ങൾ എടുക്കുമെന്നുമാണ് കരാർ കമ്പനിയുടെ വിശദീകരണം. രണ്ട് തുരങ്കങ്ങളുടെയും ഇരുവശത്തും പുതിയ ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി കിട്ടുന്ന ക്യാമറകളാണ് ഇവിടെ സ്ഥാപിക്കുക. ടിപ്പര്‍ ലോറി അപകടത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബി കണക്കാക്കിയിരിക്കുന്നത്. 

Exit mobile version